മിര്‍സാപൂര്‍: മകളുടെ അഴുകിയ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച റിട്ടയേര്‍ഡ് പൊലീസുകാരനെയും ഭാര്യയെയും കണ്ടെത്തി. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലാണ് വിചിത്രമായ സംഭവം നടന്നത്.

ഹയാത് നഗറില്‍ താമസിക്കുകയായിരുന്ന ദിലാവര്‍ സിദ്ദിഖിയെയും ഭാര്യയെയുമാണ് മൃതദേഹവുമായി വീടിനുള്ളില്‍ കണ്ടെത്തിയത്. മാസങ്ങളോളം പഴക്കമുള്ള മൃതദേഹത്തില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ സംശയം തോന്നിയ അയല്‍വാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സമാനമായ പരാതിയുമായി രണ്ടാഴ്ച മുമ്പും പ്രദേശവാസികള്‍ പൊലീസിനെ സമീപിച്ചെങ്കിലും വീട്ടില്‍ അസ്വാഭാവികമായി ഒന്നും ഇല്ലെന്ന് ദിലാവര്‍ സിദ്ദിഖി അറിയിച്ചതോടെ പരിശോധന നടത്താതെ പിന്തിരിയുകയായിരുന്നു. 

പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ മകള്‍ ജീവനോടെയുണ്ടെന്നും ഉറങ്ങുകയാണെന്നും ദമ്പതികള്‍ പറ‍ഞ്ഞു. ഇവരുടെ മാനസിക നില തകരാറിലായതായി സംശയമുണ്ടെന്ന് പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി വിട്ടുനല്‍കിയിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമെ മരണകാരണം അറിയാന്‍ സാധിക്കുകയൂള്ളു എന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.