Asianet News MalayalamAsianet News Malayalam

സഹോദരിമാരെ കെട്ടിയിട്ട് മർദ്ദിച്ച സംഭവം; എത്രയും വേ​ഗം റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശം

പശ്ചിമബം​ഗാളിലെ ദിനാജ്പൂർ ജില്ലയിലെ പഞ്ചായത്തിലാണ് തൃണമൂൽ കോൺ​ഗ്രസ് നേതാവ് അമൽ സർക്കാരും കൂട്ടാളികളും ചേർന്ന് യുവതികളെ വലിച്ചിഴച്ച് അതിക്രൂരമായി മർദ്ദിച്ചത്. സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് തൃണമൂൽ കോൺ​ഗ്രസ് പാർട്ടി സർക്കാരിനെ സസ്പെൻഡ് ചെയ്തിരുന്നു.

court seek report for assault towards sisters
Author
Uttar Pradesh, First Published Feb 4, 2020, 11:38 AM IST

കൊൽക്കത്ത: സ്വന്തം ഭൂമി കയ്യേറി റോഡ് നിർമ്മാണം നടത്തിയതിൽ പ്രതിഷേധിച്ച സഹോദരിമാരെ കാലുകൾ കൂട്ടിക്കെട്ടി വലിച്ചിഴച്ച് മർദ്ദിച്ച സംഭവത്തെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് കോടതി. എത്രയും പെട്ടെന്ന് സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കാൻ സ്റ്റേറ്റ് ലീ​ഗൽ എയിഡ് സർവ്വീസിനോട് കോടതി നിർദ്ദേശിച്ചിരിക്കുകയാണ്. നിയമവിരുദ്ധമായ നടപടികൾ ശ്രദ്ധയിൽ പെട്ടാൽ മജിസ്ട്രേറ്റിന് സ്വമേധയാ കേസെടുക്കാൻ അധികാരം നൽകുന്ന വകുപ്പായ സുവോമോട്ടായാണ് അക്രമികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. പശ്ചിമബം​ഗാളിലെ ദിനാജ്പൂർ ജില്ലയിലെ പഞ്ചായത്തിലാണ് തൃണമൂൽ കോൺ​ഗ്രസ് നേതാവ് അമൽ സർക്കാരും കൂട്ടാളികളും ചേർന്ന് യുവതികളെ വലിച്ചിഴച്ച് അതിക്രൂരമായി മർദ്ദിച്ചത്. സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് തൃണമൂൽ കോൺ​ഗ്രസ് പാർട്ടി സർക്കാരിനെ സസ്പെൻഡ് ചെയ്തിരുന്നു.

യുവതികളിൽ ഒരാളായ സ്മൃതി കാന ദാസ് പൊലീസിൽ പരാതി നൽകിയിരുന്നു. തങ്ങളുടെ ഭൂമിയിലൂടെ റോഡ് നിർമ്മിക്കുന്നതിനെ ചോദ്യം ചെയ്തതിന്റെ പേരിലാണ് സ്മൃതിയെയും സഹോദരി ഷോമയെയും അമൽ സർക്കാരും സഹായികളും ഇരുമ്പുവടികൊണ്ട് മർദ്ദിക്കുകയും നിലത്ത് വീണപ്പോൾ കാലുകൾ കയർ ഉപയോ​ഗിച്ച് ബന്ധിച്ച് വലിച്ചിഴച്ചതായും സ്മൃതി പരാതിയിൽ പറയുന്നു. സ്ത്രീകളെ മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. 

ഹൈക്കോടതി അഭിഭാഷകനായ രബിശങ്കർ ചതോപാധ്യായ സംഭവത്തെക്കുറിച്ചുള്ള മാധ്യമ വാർത്തകൾ ചീഫ് ജസ്റ്റിസ് തോട്ടത്തിൽ ബി നായർ രാധാകൃഷ്ണൻ, ജസ്റ്റിസ് അരിജിത് ബാനർജി എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ സമർപ്പിച്ചിരുന്നു. സ്ത്രീകളെ അതിക്രൂരമായി മർദ്ദിക്കുന്നതിന്റെ വിശദാംശങ്ങൾ മാധ്യമവാർത്തകളിൽ ഉൾപ്പെട്ടിരുന്നു. ഇവർക്കെതിരെ സുവോമോട്ടോ ചുമത്താൻ അഭ്യർത്ഥിക്കുകയും ചെയ്തു. തുടർന്ന് സ്റ്റേറ്റ് ലീഡർ എയിഡ് സർവ്വീസ് അധികൃതരോട് സംഭവത്തെക്കുറിച്ച് എത്രയും വേ​ഗം റിപ്പോർട്ട് സമർപ്പിക്കാൻ‌ ബെഞ്ച് ആവശ്യപ്പെടുകയായിരുന്നു. പ്രതികളായ അഞ്ച് പേരിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചിട്ടുണ്ട്. പ്രധാന പ്രതിയായ തൃണമൂൽ കോൺ​ഗ്രസ് നേതാവ് അമൽ സർക്കാരെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികൾക്കായി അന്വേഷണം ശക്തമാക്കിയതായും പൊലീസ് അറിയിച്ചു. 
 

Follow Us:
Download App:
  • android
  • ios