കാലടി: എറണാകുളം കാലടിയിൽ എട്ട് വയസുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10 വര്‍ഷം കഠിന തടവ്. കാലടി സ്വദേശി ഭാസ്ക്കരനെയാണ് പോക്സോ കോടതി ശിക്ഷിച്ചത്.  കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കേസിനാസ്‍പദമായ സംഭവം. 61 കാരനായ ഭാസ്കരൻ മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ പീഡനത്തിനിരയാക്കുകയായിരുന്നു. പല തവണ പീഡനം തുടർന്നതോടെ കുട്ടി മാതാപിതാക്കളോട് പറഞ്ഞു. 

തുടർന്ന് കാലടി പൊലീസില്‍ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംഭവം ശരിയാണെന്ന് കണ്ടെത്തിയതോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കേസുകൾ പരിഗണിക്കുന്ന എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് 10 വർഷം കഠിന തടവിന് ശിക്ഷ വിധിച്ചത്. 25,000 രൂപ പിഴ ശിക്ഷയുമുണ്ട്. തുക പീഡനത്തിനരയായ കുട്ടിയുടെ കുടുംബത്തിന് നൽകണം. ഇത് നൽകാതെ വന്നാൽ ഒരു വർഷം അധിക തടവും അനുഭവിക്കേണ്ടി വരും. കാലടി സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു കേസ് അന്വേഷിച്ചത്.