വയനാട്: മാനന്തവാടി രൂപത പിആർഒ ഫാ. റോബിൻ പാറയ്ക്കൽ സാമൂഹ്യ മാധ്യമങ്ങളിൽ അപകീർത്തിപെടുത്തിയെന്ന സിസ്റ്റർ ലൂസി കളപ്പുരയുടെ പരാതിയിൽ മാനന്തവാടി കോടതി മൊഴിയെടുത്തു. വെള്ളമുണ്ട പൊലീസ് തെളിവില്ലെന്ന് പറഞ്ഞ് കേസ് തള്ളിയിരുന്നെങ്കിലും ജില്ലാ പൊലീസ് മേധാവിക്ക് സിസ്റ്റർ നൽകിയ പരാതിയിലാണ് കേസ് എടുത്തത്.

സാമൂഹ്യ മാധ്യമങ്ങളിൽ തനിക്കെതിരെ അപകീർത്തികരമായ രീതിയിൽ വീഡിയോ പ്രചാരണം നടത്തിയെന്ന സിസ്റ്റർ ലൂസി കളപ്പുരയുടെ പരാതിയിൽ 2019 ഓഗസ്റ്റിലാണ് മാനന്തവാടി രൂപതാ പിആർഒ ടീം അംഗമായ ഫാ. റോബിൻ പാറയ്ക്കലിനെതിരെ വെള്ളമുണ്ട പൊലീസ് കേസെടുത്തത്.

എന്നാൽ മാസങ്ങൾക്ക് ശേഷം തെളിവില്ലെന്ന് പറഞ്ഞ് കേസ് അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് ജില്ലാ പൊലീസ് സൂപ്രണ്ടിന് സിസ്റ്റർ ലൂസി വീണ്ടും പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് മാനന്തവാടി കോടതിയിൽ എത്തി സിസ്റ്റർ മൊഴി നൽകിയത്.

പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്നും , സഭയുടെ അനീതികൾക്കെതിരായ പോരാട്ടം തുടരുമെന്നും മൊഴി നൽകിയ ശേഷം സിസ്റ്റർ ലൂസി പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട സാക്ഷികളുടെ മൊഴി ജനുവരി 21 ന് കോടതി രേഖപെടുത്തും.