ഭോപ്പാല്‍: മധ്യപ്രദേശില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണമുണ്ടായതായി റിപ്പോര്‍ട്ട്. കൊവിഡ് 19 ന്റെ പ്രതിരോധത്തിന്റെ ഭാഗമായ ശുചീകരണ പ്രവര്‍ത്തനം നടത്തിവന്നയാളെ ആള്‍ക്കൂട്ടം ആക്രമിച്ചു. വസ്ത്രങ്ങല്‍ വലിച്ചുകീറിയും കയ്യേറ്റം ചെയ്തുമായിരുന്നു ആക്രമണം. മഴുകൊണ്ട് ആക്രമിക്കപ്പെട്ടയാള്‍ ആശുപത്രിയിലാണ്. ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 

തെരുവ് വൃത്തിയാക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. ആക്രമണത്തിന്റെ ദൃശ്യങ്ങളില്‍ നിന്ന് സംഭവത്തിന്റെ അതിദാരുണമായ ചിത്രം വ്യക്തമാണ്. വസ്ത്രം വലിച്ചുകീറിയ ആള്‍ക്കൂട്ടം ഇയാളെ തെരുവിലൂടെ വലിച്ചിഴച്ചു. ഇവരുടെ കയ്യില്‍ വടികളുണ്ടായിരുന്നു. മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി. 

കൊവിഡ് ലക്ഷണമുണ്ടായെന്ന് പരിശോധിക്കാനെത്തിയ ആരോഗ്യപ്രവര്‍ത്തകരെ ഇന്‍ഡോറില്‍ ആളുകള്‍ ആക്രമിച്ചിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ വനിതാ ഡോക്ടര്‍മാരെ പൊലീസ് എത്തിയാണ് രക്ഷിച്ചത്. മഹാരാഷ്ട്രയം ദില്ലിയും തമിഴ്‌നാടും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ളത് മധ്യപ്രദേശിലാണ്.