തലശ്ശേരി: ആശുപത്രിയില്‍ അപമര്യാദയായി പെരുമാറുന്നതും നിസ്സഹകരണവും തുടര്‍ന്നാല്‍ കേസെടുക്കുമെന്ന് കൊവിഡ് സ്ഥിരീകരിച്ച രണ്ട് രോഗികള്‍ക്ക് സബ്കളക്ടറുടെ താക്കീത്. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കെതിരെയാണ് നടപടി.  എസി റൂമടക്കമുള്ള സൗകര്യങ്ങള്‍ ഇല്ലെന്ന് പറഞ്ഞ് ബഹളമുണ്ടാക്കിയ ഇരുവരും മാസ്‌കഴിച്ച് പുറത്തുപോകുമെന്ന്  ഭീഷണിപ്പെടുത്തിയെന്നാണ്  ആശുപത്രി ജീവനക്കാര്‍ പറയുന്നത്.

പ്രത്യേക എസി റൂം വേണം, പ്രത്യേകം ശുചിമുറി വേണം.. ഇതൊന്നും നല്‍കാനായില്ലെങ്കില്‍ സ്വകാര്യ ആശുപത്രിയിലേക്ക് ഉടന്‍ മാറ്റണം  ഇതൊക്കെയാണ് തലശ്ശേരി ജനറല്‍ ആശുപത്രിയിലെ രണ്ട് കൊവിഡ് രോഗികളുടെ ആവശ്യങ്ങള്‍.  പരിമിതിയുണ്ടെന്നറിയിച്ചപ്പോള്‍ മാസ്‌കഴിച്ച് മറ്റ് രോഗികളുടെ അടുത്ത് പോകുമെന്നും പുറത്തിറങ്ങുമെന്നും ഭീഷണി. ആശുപത്രി ജീവനക്കാരുടെ നിര്‍ദ്ദേശങ്ങളും കൃത്യമായി അനുസിരിക്കുന്നില്ല.

ഇവരില്‍ ഒരാള്‍ ഐസൊലേഷന്‍  വാര്‍ഡിനെക്കുറിച്ച് സമൂഹമാധ്യമഹ്ങളിലൂടെ തെറ്റായ പ്രചാരണം നടത്താന്‍ ശ്രമിച്ചെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. ഡോക്ടര്‍മാരുമായും മറ്റ് ജീവനക്കാരുമായും നിസഹകരണം തുടര്‍ന്നതോടെയാണ് വിഷയം സബ്കകളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. 

തലശ്ശേരി സബ്കളക്ടര്‍ ഓഫീസില്‍ നടന്ന കൊവിഡ് അവലോകനയോഗത്തില്‍ ഇരുവരേയും തക്കീത് ചെയ്യാന്‍ തീരുമാനിച്ചു. നിസഹകരണം തുടര്‍ന്നാല്‍  കേസെടുക്കുമെന്ന് ഇരുവരേയും സബ്കള്കര്‍  അറിയിച്ചു. ഫൈവ് സ്റ്റാര്‍ സൗകര്യങ്ങള്‍ ഇല്ലെങ്കിലും ചികിത്സയുടേയും പരിചരണത്തിന്റെയും കാര്യത്തില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് തലശ്ശേരി ആശുപത്രി അധികൃതര്‍ അറിയിച്ചു.

പ്രതീകാത്മക ചിത്രം