മുംബൈ: മുംബൈയിൽ കൊവിഡ് രോഗിയെ ഡോക്ടർ ലൈംഗിക പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചെന്ന് പരാതി. മുംബൈ വൊക്കാർഡ് ആശുപത്രിയിലാണ് 53 കാരനെ പീഡിപ്പിക്കാൻ ഡോക്ടർ ശ്രമിച്ചത്. കൊവിഡ് ബാധിതനാവാൻ സാധ്യതയുള്ളതിനാൽ പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. മെയ് ഒന്നിനാണ് സംഭവം. നവിമുംബൈയിൽ പഠനം പൂർത്തിയാക്കിയ ഡോക്ടർ ജോലിക്ക് ചേർന്ന ആദ്യ ദിവസം തന്നെയാണ് അതിക്രമം കാണിച്ചത്. 

ഐസിയുവിൽ ചികിത്സയ്ക്കെത്തിയ 53കാരനെ നഴ്സുമാരുടെ അസാനിധ്യത്തിലാണ് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത്. രോഗി ചെറുക്കുകയും പിന്നീട് മറ്റുള്ളവരോട് വിവരം പറയുകയും ചെയ്തു. വിവരം അറിഞ്ഞ ഉടൻ ഡോക്ടറെ പിരിച്ച് വിട്ടെന്നും പൊലീസിലറിയിച്ചെന്നും ആശുപത്രി മാനേജ്മെന്‍റ് അറിയിച്ചു. 

താനെയിലെ അപ്പാർട്മെന്‍റിലാണ് 33വയസുളള പ്രതി ഇപ്പോൾ. ഇയാൾക്കെതിരെ പ്രകൃതിവിരുധ പീഡനവും രോഗവ്യാപനത്തിന് ശ്രമിച്ചതടക്കം വകുപ്പുകൾ ചുമത്തിയെന്ന് മുംബൈ അഗ്രിപാട പൊലീസ് അറിയിച്ചു. കൊവിഡ് ബാധിതനാവാൻ സാധ്യതയുള്ളതിനാൽ ക്വറന്‍റൈൻ കാലം കഴിഞ്ഞ് മാത്രമേ ചോദ്യം ചെയ്യലും അറസ്റ്റുമുണ്ടാവു. അതുവരെ പ്രതിയെ പൊലീസും നിരീക്ഷിക്കും.