കൊല്ലം: പട്ടാഴിയില്‍ പാറമടകള്‍ക്കെതിരെ നിലപാടെടുത്തതിന്‍റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട സിപിഐ നേതാവിന്‍റെ വീടിനു നേരെ കല്ലേറ്. പാര്‍ട്ടി നേതൃത്വത്തിന്‍റെ അറിവോടെയാകാം തന്‍റെ വീട് ആക്രമിക്കപ്പെട്ടതെന്ന് പട്ടാഴി പഞ്ചായത്ത് മുന്‍ ഉപാധ്യക്ഷന്‍ കൂടിയായ മജീദ് ആരോപിച്ചു.

ഇന്നലെ രാത്രി പതിനൊന്നനരയോടെയാണ് സിപിഐ മുന്‍ നേതാവ് മജീദിന്‍റെ വീടിനു നേരെ കല്ലേറുണ്ടായത്. വാഹനത്തിലെത്തിയ ആളുകളാണ് കല്ലേറ് നടത്തിയതെന്ന് മജീദ് പറയുന്നു. പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന്‍റെ അറിവോടെയാകാം ആക്രമണം ഉണ്ടായതെന്ന ആരോപണവും മജീദ് ഉയര്‍ത്തി.

മേഖലയിലെ പാറമടകള്‍ക്കെതിരെ മജീദിന്‍റെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ഇതെ തുടര്‍ന്ന് മജീദിനെ അടുത്തിടെയാണ് സിപിഐ പുറത്താക്കിയത്. സേവ് പട്ടാഴി ഫോറം എന്ന പേരില്‍ സിപിഐ നേതൃത്വത്തിനെതിരെ മജീദ് കൂട്ടായ്മയും സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീടിന് നേരെ ആക്രമണം ഉണ്ടായത്. കുന്നിക്കോട് പൊലീസ് കേസിന്‍റെ അന്വേഷണം തുടങ്ങി.