Asianet News MalayalamAsianet News Malayalam

Thiruvalla Murder : 'നാടിന്‍റെ സമാധാനം തകർക്കാൻ ആർഎസ്എസ് ഗൂഢാലോചന', വിജയരാഘവൻ

'ബിജെപി വിട്ട് പല പ്രവർത്തകരും ഇടതുപക്ഷത്തേക്ക് എത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. നാടിന്‍റെ സമാധാനം തകർക്കാനുള്ള ആർഎസ്എസ് ഗൂഢാലോചനയാണിത്. സഖാവിന്‍റെ രക്തസാക്ഷിത്വത്തിൽ അമർഷവും ആദരാഞ്ജലിയും രേഖപ്പെടുത്തുന്നു'

CPIM Leader Hacked To Death In Thiruvalla CPIM Alleges
Author
Thiruvananthapuram, First Published Dec 2, 2021, 11:10 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: സിപിഎം തിരുവല്ല പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ വെട്ടിക്കൊന്നത് ആർഎസ്എസ്സെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. ബിജെപി വിട്ട് പല പ്രവർത്തകരും ഇടതുപക്ഷത്തേക്ക് എത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. നാടിന്‍റെ സമാധാനം തകർക്കാനുള്ള ആർഎസ്എസ് ഗൂഢാലോചനയാണിതെന്നും എ വിജയരാഘവൻ ആരോപിച്ചു.

സന്ദീപിന്‍റെ കൊലപാതകത്തിന് പിന്നിൽ ജിഷ്ണു എന്ന ആർഎസ്എസ് പ്രവർത്തകനും മറ്റ് നാല് പേരുമാണെന്ന് പ്രാദേശിക സിപിഎം നേതൃത്വം ആരോപിച്ചിരുന്നു. വിവിധ കേസുകളിൽപ്പെട്ട് ജയിലിലായിരുന്ന ജിഷ്ണു ഈയിടെയാണ് പുറത്തിറങ്ങിയതെന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ സനൽകുമാർ പറയുന്നു. പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറിയായ സന്ദീപ് മുൻ ഗ്രാമപഞ്ചായത്ത് അംഗമാണ്. സന്ദീപിന്‍റെ ജനകീയതയിൽ അസൂയയുണ്ടായിരുന്ന ആർഎസ്എസ് പ്രവർത്തകരാണ് കൊലയ്ക്ക് പിന്നിലെന്ന് സനൽകുമാർ ആരോപിച്ചു. 

സന്ദീപിനെ വെട്ടിക്കാലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു. നാടിനെ നടുക്കിയ കൊലപാതകമാണ് നടന്നിട്ടുള്ളത്. ആർഎസ്എസിന്‍റെ കൊലക്കത്തിക്കിരയായി സിപിഎം പ്രവർത്തകർ നിരന്തരം രക്തസാക്ഷികളാവുകയാണ്. നാട്ടിലെ സമാധാന അന്തരീക്ഷം തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ആർഎസ്എസ് ശ്രമം. സിപിഎമ്മിന്‍റെ കേഡർമാരെ ഉന്മൂലനം ചെയ്യാനുള്ള ആസൂത്രിത നീക്കം കൊലപാതകത്തിന് പിന്നിലുണ്ട്. സംഭവത്തിനു പിന്നിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരണം. ആർഎസ്എസ് സൃഷ്ടിക്കുന്ന പ്രകോപനത്തിൽ കുടുങ്ങാതെ സംസ്ഥാന വ്യാപകമായി ഈ ഹീനകൊലപാതത്തിലുള്ള ശക്തമായ പ്രതിഷേധം ഉയർത്തി കൊണ്ടുവരാൻ മുഴുവനാളുകളും തയ്യാറാവണം.  

സമഗ്രമായ അന്വേഷണം നടത്തി മുഴുവൻ പ്രതികളേയും പിടികൂടി അർഹമായ ശിക്ഷ ഉറപ്പുവരുത്തണമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഇന്ന് രാത്രി എട്ട് മണിയോടെയാണ് തിരുവല്ല ചാത്തങ്കരിയിലെ മേപ്രാലിൽ വയലിൽ വച്ച് കൊലപാതകം നടന്നത്. വയലിന് സമീപത്ത് ഒരു കലുങ്കിൽ ഇരിക്കുകയായിരുന്ന സന്ദീപിനെ ഒരു സംഘമാളുകൾ ബൈക്കിലെത്തി വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെട്ടുകയായിരുന്നു. സന്ദീപിന്‍റെ നെ‌ഞ്ചിൽ ഒമ്പത് കുത്തേറ്റിട്ടുണ്ട്. ആക്രമണം നടന്നയുടൻ സന്ദീപിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിലെത്തുംമുമ്പ് തന്നെ മരിച്ചു. അക്രമികൾ ഉടൻ തന്നെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സന്ദീപിന്‍റെ നെഞ്ചിന്‍റെ വലത് ഭാഗത്തായി ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഒമ്പത് കുത്തുകൾ ദേഹത്താകെ ഉണ്ടെന്നാണ് ആശുപത്രിയിൽ നിന്ന് വ്യക്തമാക്കുന്നത്. 

സ്ഥലത്ത് സിപിഎമ്മുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങളൊന്നും സമീപകാലത്ത് ഉണ്ടായിരുന്നില്ല എന്ന് പ്രാദേശികനേതൃത്വം തന്നെ പറയുന്നു. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു അക്രമത്തിലേക്ക് കാര്യങ്ങൾ നീങ്ങിയത് എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം നടത്തുകയാണ്. നിലവിൽ പ്രദേശത്തെ ബിജെപി - ആർഎസ്എസ് നേതൃത്വങ്ങളുമായി ബന്ധപ്പെട്ട് തന്നെയാണ് അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണം നടത്തുന്നത് മൂന്ന് പേർക്ക് വേണ്ടിയാണ് എന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഇവർ സന്ദീപ് മരിച്ചുവെന്നുറപ്പായ ശേഷം ഒളിവിൽപ്പോയി എന്നാണ് പൊലീസ് പറയുന്നത്. പ്രാദേശികമായ എന്തെങ്കിലും വാക്കുതർക്കങ്ങളും കൊലപാതകത്തിന് പിന്നിലുണ്ടോ എന്നും പൊലീസ് പരിശോധിച്ച് വരികയാണ്. 

ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പിന്നീട് മാത്രമേ നടക്കൂ. നിലവിൽ മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലായിരുന്നു. ഇവിടെ നിന്ന് തിരുവല്ലയിലെ ഒരു സ്വകാര്യ ആശുപത്രിയുടെ മോർച്ചറിയിലേക്ക് മൃതദേഹം മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‍മോർട്ടം നാളെ രാവിലെ നടക്കും. 

Follow Us:
Download App:
  • android
  • ios