തോട്ടപ്പള്ളിയിൽ സിപിഎം പ്രാദേശിക നേതാവ് സജീവന്റെ തിരോധാനത്തിൽ കുടുംബത്തിന്റെ സത്യഗ്രഹ സമരം. സിപിഎമ്മിൻ്റെയും കരിമണൽ ലോബിയുടെയും പങ്ക് അന്വേഷിക്കണമെന്നാണ് ആവശ്യം. സജീവനെ കണ്ടെത്താൻ സിബിഐ അന്വേഷണം വേണമെന്ന കുടുംബം ആവശ്യപ്പെടുന്നു. ഇതേ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെയും ഇവർ സമീപിച്ചിട്ടുണ്ട്.

ആലപ്പുഴ: തോട്ടപ്പള്ളിയിൽ സിപിഎം പ്രാദേശിക നേതാവ് (Cpm leader) സജീവന്റെ തിരോധാനത്തിൽ (Thottappally Missing) കുടുംബത്തിന്റെ സത്യഗ്രഹ സമരം. സിപിഎമ്മിൻ്റെയും കരിമണൽ ലോബിയുടെയും പങ്ക് അന്വേഷിക്കണമെന്നാണ് ആവശ്യം. സജീവനെ കണ്ടെത്താൻ സിബിഐ അന്വേഷണം വേണമെന്ന കുടുംബം ആവശ്യപ്പെടുന്നു. ഇതേ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെയും ഇവർ സമീപിച്ചിട്ടുണ്ട്.

തോട്ടപ്പള്ളി ലോക്കൽ കമ്മിറ്റിക്ക് കീഴിലുള്ള പൂത്തോപ്പ് ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെ ആയിരുന്നു സജീവനെ കാണാതായത്. ലോക്കൽ സെക്രട്ടറി ഉൾപ്പെടെ ഇരുപത്തഞ്ചിലധികം സിപിഎം നേതാക്കളെ ചോദ്യം ചെയ്തെങ്കിലും പോലീസിന് സൂചനകളൊന്നും ലഭിച്ചിരുന്നില്ല. സജീവന്റെ തിരോധാനം കോൺഗ്രസ് രാഷ്ട്രീയമായി ഏറ്റെടുത്തിരുന്നു. 

സജീവന്റെ തിരോധാനം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ സജീവന്റെ കുടുംബത്തിന് നിയമസഹായം ഉറപ്പാക്കുമെന്നും വ്യക്തമാക്കിയിരുന്നു. സജീവന്റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കവെയിരുന്നു സുധാകരന്റെ ഉറപ്പ്. സജീവനെ കാണാതായത് സിപിഎം ഉന്നത നേതൃത്വത്തിൻ്റെ അറിവോടെയെന്ന് സുധാകരൻ കുറ്റപ്പെടുത്തുകയും ചെയ്തു.

തോട്ടപ്പള്ളി പൂത്തോപ്പ് ബ്രാഞ്ച് അംഗവും മത്സ്യത്തൊഴിലാളിയുമായ സജീവനെ കാണാതായിട്ട് അമ്പത് ദിവസത്തോളമാകുന്നു. ബ്രാഞ്ച് സമ്മേളനത്തിന് തൊട്ടുമുമ്പ് കാണാതായതിന് പിന്നിൽ സിപിഎമ്മിലെ വിഭാഗീയതയാണെന്നാണ് ആക്ഷേപം. സജീവന്റെ തിരോധാനത്തിൽ കുടുംബം ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹ‍‍ർജി നൽകിയിരുന്നു. 

ആക്ഷേപം നേരിടുന്ന രാഷ്ട്രീയ പാർട്ടിയെ കക്ഷി ചേർക്കുന്ന കാര്യം പരിഗണിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. അതേസമയം സിപിഎം തോട്ടപ്പള്ളി ലോക്കൽ സെക്രട്ടറി ഉൾപ്പെടെ ഇരുപത്തി അഞ്ചിൽ അധികം പേരെ പൊലീസ് ഇതുവരെ ചോദ്യം ചെയ്‌തെങ്കിലും സൂചനകളൊന്നും കിട്ടിയിട്ടില്ലെന്നതാണ് പൊലീസിനെ കുഴയക്കുന്നത്.