കൊല്ലത്ത് വൃദ്ധനെ വീട്ടിൽകയറി കുത്തിക്കൊന്നു. ഇരട്ടപ്പേര് വിളിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊലയാളിയെ നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു

കൊല്ലം: കൊല്ലം കടക്കലില്‍ സി പി എം പ്രവർത്തകനെ കുത്തിക്കൊന്നു. ഇരട്ടപ്പേര് വിളിച്ചതിനെ ചൊല്ലിയുള്ള വാക്ക് തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് വിവരം.

ഇരട്ടപ്പേര് വിളിച്ചതിനെ ചൊല്ലി മരിച്ച ബഷീറും പ്രതി ഷാജഹാനും തമ്മില്‍ തർക്കമുണ്ടായി. വൈകുന്നേരം മൂന്നര മണിയോടെ ബഷീറിന്‍റെ വീട്ടിലെത്തിയ ഷാജഹാൻ ബഷീറിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ബഷീറിന്‍റെ ദേഹത്ത് ഒൻപത് മുറിവുകളാണ് ഉള്ളത്. നെഞ്ചിലേറ്റ രണ്ട് കുത്തുകളാണ് മരണത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതി ഷാജഹാനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇയാള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുണ്ട്.

മരിച്ച ബഷീർ സി പി എമ്മിന്‍റെ പ്രാദേശിക പ്രവർത്തകനാണെന്ന് നേതൃത്വം വ്യക്തമാക്കി. പിടിയിലായ ഷാജഹാൻ കോൺഗ്രസ്സ് ഗുണ്ടയാണന്നും സി പി എം ആരോപിക്കുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് സി പി എം നാളെ ചിതറ പഞ്ചായത്തില്‍ ഹർത്താല്‍ ആചരിക്കുകയാണ്. എന്നാല്‍ രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ പേരില്‍ അല്ല കൊലപാതകമെന്നും പ്രതി ഷാജഹാന് പാർട്ടിയുമായി ഒരു ബന്ധവും ഇല്ലെന്നും ജില്ലാ കോൺഗ്രസ് നേതാക്കള്‍ പറഞ്ഞു.