സിപിഎം പ്രവർത്തകന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കൊല്ലം ചിതറ പ‍ഞ്ചായത്തിൽ നാളെ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

കൊല്ലം: കൊല്ലം ചിതറയിൽ സിപിഎം പ്രവർത്തകനെ കുത്തിക്കൊന്നു. ചിതറ സ്വദേശിയായ ബഷീർ (70) ആണ് കൊല്ലപ്പെട്ടത്. കോൺഗ്രസ് പ്രവർത്തകനായ ഷാജഹാൻ എന്നയാളാണ് ബഷീറിനെ കുത്തിക്കൊന്നത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ രാഷ്ട്രീയ കൊലപാതകമെന്നാണ് സിപിഎം ആരോപിക്കുന്നത്. കൊലപാതകത്തിൽ പ്രതിഷേധിച്ച് കൊല്ലം ചിതറ പഞ്ചായത്തില്‍ നാളെ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഒമ്പത് കുത്തുകളാണ്‌ ബഷീറിന്‍റെ ശരീരത്തില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. കൊല നടത്തിയ ഷാജഹാൻ കോൺഗ്രസ്സ് പ്രവർത്തകനാണെന്നും സംഭവം രാഷ്ട്രീയ കൊലപാതകമാണെന്നും സിപിഎം ആരോപിക്കുന്നു. ഷാജഹാൻ പ്രദേശത്തെ പ്രധാനഗുണ്ടയാണെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്‍റെ ആരോപണം. എന്നാല്‍, ഇരുവര്‍ക്കുമിടയില്‍ ഉണ്ടായിരുന്ന വ്യക്തിപരമായ പ്രശ്നങ്ങളാണ് കൊലക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.