കൊച്ചി: ജനങ്ങള്‍ വീട്ടിലിരുന്നതോടെ നാട്ടില്‍ കുറ്റകൃത്യങ്ങളിലും വന്‍ കുറവ്. കഴിഞ്ഞ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ, ലോക്ക് ഡൗണില്‍ കുറ്റകൃത്യങ്ങൾ എണ്‍പത് ശതമാനം കണ്ട് കുറഞ്ഞതായി സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകൾ തെളിയിക്കുന്നു. ഗാര്‍ഹിക പീഡനക്കേസുകളും കുറഞ്ഞെന്നാണ് വനിതാ കമീഷന്‍റെ കണക്കുകളും പറയുന്നത്.

കൊവിഡ് മൂലം ജനം ദുരിതത്തിലാണെങ്കിലും കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ നാട്ടിൽ അൽപം സമാധാനം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. പഴയ പോലെയല്ല, പൊലീസ് സ്റ്റേഷനുകളില്‍ എഫ് ഐ ആര്‍ എഴുതുന്നത് ഇപ്പോള്‍ വല്ലപ്പോഴും മാത്രമാണ്. ജനങ്ങല്‍ വീട്ടില്‍ തന്നെ ഇരിക്കുമ്പോള്‍ കേസ് എങ്ങിനെ ഉണ്ടാവുമെന്നാണ് ചോദ്യം. കഴിഞ്ഞ കൊല്ലം മാര്‍ച്ച്, ഏപ്രിൽ മാസങ്ങളെ അപേക്ഷിച്ച് കുറ്റകൃത്യങ്ങൾ കുറഞ്ഞത് 80 ശതമാനമാണ്. സ്വത്ത് തർക്കം ,കൊള്ള, കവര്‍ച്ച, ഭവനഭേദനം, വഞ്ചന, വ്യാജ രേഖ ചമയ്ക്കല്‍, കൊലപാതകം എന്നിവയെല്ലം കുത്തനെ താഴ്ന്നു. ഗാര്‍ഹിക പീഡനത്തിന്‍റെ കേസുകളും ഇതേ അവസ്ഥ തന്നെ. 155 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിടത്ത് 17 എണ്ണം മാത്രം.

ലോക്ക് ഡൗണ്‍ ആരംഭിച്ച ആദ്യ ആഴ്ചയില്‍, മദ്യം കിട്ടാത്തത് മൂലമുള്ള ഭര്‍ത്താവിന്‍റെ അത്രിക്രമത്തെകുറിച്ചായിരുന്നു സ്ത്രീകളുടെ ഭൂരിപക്ഷം പരാതികളും. പക്ഷെ പിന്നീട് ഇത്തരത്തിലുള്ള പരാതികള്‍ നിന്നു. അതേ സമയം, പരാതിപ്പെടാനുള്ള സൗകര്യക്കുറവ് കണക്കിലെടുക്കുമ്പോള്‍ ഗാര്‍ഹിക പീഡനക്കേസുകളുടെ യഥാര്‍ഥ ചിത്രം ഇതാവണമെന്നില്ലെന്ന് വനിതാ കമീഷന്‍ അംഗ ഷാഹിദാ കമാല്‍ പറയുന്നു. കൊവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധി ഏറെയുണ്ടെങ്കിലും ആത്മഹത്യകളിലും കുറവുണ്ടായി. കഴിഞ്ഞ തവണ ഇതേസമയം, 485 ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോള്‍ 192 കേസുകള്‍ മാത്രമാണ് ഇത്തവണ ഉണ്ടായത്.