Asianet News MalayalamAsianet News Malayalam

ലോക്ഡൗൺ ഇളവുകൾക്ക് പിന്നാലെ രാജ്യതലസ്ഥാനത്ത് കുറ്റകൃതൃങ്ങൾ കൂടുന്നു; ജോലി നഷ്ടമായവരും കുറ്റകൃത്യങ്ങളിലേക്ക്

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന മാസ്കും, ഹെല്‍മെറ്റും ധരിച്ചാണ് പലരും കുറ്റകൃത്യങ്ങൾ നടത്തുന്നത്. പലപ്പോഴും പ്രതികളെ തിരിച്ചറിയാന്‍ ഇത് തടസമാകുന്നുവെന്ന് പൊലീസ് പറയുന്നു. 

Crimes rised in delhi after lockdown relaxations
Author
Delhi, First Published Jul 27, 2020, 9:19 AM IST

ദില്ലി: ലോക്ഡൗൺ ഇളവുകൾക്ക് പിന്നാലെ രാജ്യതലസ്ഥാനത്ത് കുറ്റകൃത്യങ്ങൾ വർധിക്കുന്നു. തട്ടിക്കൊണ്ടുപോകാൽ അടക്കം കേസുകൾ വർധിക്കുന്നതായി ദില്ലി പൊലീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കൊവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ട ചെറുപ്പക്കാ‌‌ർ ഉൾപ്പെടെ കുറ്റകൃത്യങ്ങളിലേക്ക് തിരിയുന്നുവെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ ആഴ്ച്ച പകൽ വെളിച്ചത്തിൽ നടന്ന രണ്ട് കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിരുന്നു. റോഡിലൂടെ നടന്ന് പോകുകയായിരുന്ന യുവതികളെ ആക്രമിച്ച് മാല പൊട്ടിക്കുന്ന ദൃശ്യവും, വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന മകളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം സാഹസികമായി തടയുന്ന അമ്മയുടെ ദൃശ്യവും രാജ്യതലസ്ഥാനത്ത് കൂടുന്ന കുറ്റകൃത്യങ്ങളിൽ ചില ഉദാഹരണങ്ങൾ മാത്രമാണ്. ദില്ലി പൊലീസിന്റെ കണക്കനുസരിച്ച് ഈ വ‌ർഷം ഏപ്രിൽ വരെ ദിനം പ്രതി 12 പിടിച്ചുപറി കേസുളാണ് നഗരത്തിൽ റിപ്പോർട്ട് ചെയ്തത്. എന്നാൽ ലോക്ഡൗൺ ഇളവിന് പിന്നാലെ ഇത് 30 ആയി ഉയർന്നു. തട്ടിക്കൊണ്ടുപോകൽ 10 നിന്നും 15 ആയി. വാഹനമോഷണം 85 ൽ നിന്ന് 100 ആയും ഉയര്‍ന്നു. 

മെയ് ജൂൺ മാസങ്ങളിൽ 1,484 പിടിച്ചുപറി കേസുകള്‍  3,941 വാഹനമോഷണം, 292 ഭവനഭേദനം, 496 തട്ടിക്കൊണ്ടുപോകൽ, 83 കൊലപാതകം, 96 വധശ്രമം എന്നിവയാണ് റിപ്പോർട്ട് ചെയ്തത്. തോക്ക് ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ജൂൺ വരെ മാത്രം 1047 കുറ്റകൃത്യങ്ങളാണ് നടന്നത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന മാസ്കും, ഹെല്‍മെറ്റും ധരിച്ചാണ് പലരും കുറ്റകൃത്യങ്ങൾ നടത്തുന്നത്. പലപ്പോഴും പ്രതികളെ തിരിച്ചറിയാന്‍ ഇത് തടസമാകുന്നുവെന്ന് പൊലീസ് പറയുന്നു. രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ ജയിലുകളിൽ നിന്ന് പരോൾ നൽകി വിട്ട 4300 തടവുകാരിൽ അൻപത് പേർ കഴിഞ്ഞ രണ്ട് മാസത്തിനിടെ വീണ്ടും കേസുകളിൽ പ്രതികളാകുകയും ചെയ്തു.

Follow Us:
Download App:
  • android
  • ios