മലപ്പുറം: യുവാവിനെ തട്ടികൊണ്ടുപോയി സ്വർണ്ണം കവർന്ന  കേസിൽ  ക്വട്ടേഷന്‍ സംഘം പിടിയിൽ. കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണ്ണ മാഫിയക്ക് വേണ്ടി സ്വർണ്ണം കടത്തുന്നതിന് കാരിയര്‍ ആയി പോയ യുവാവിനെ ഒരു മാസം മുൻപാണ് തട്ടിക്കൊണ്ടുപോയത്. സ്വർണ്ണവുമായി ഇയാള്‍ കരിപ്പൂർ എയർപോർട്ടിൽഎത്തിയ സമയത്താണ്  സംഭവം.

കൊണ്ടോട്ടി സി ഐ എൻബി ഷൈജുവിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ വയനാട്ടിൽ നിന്ന് പിടികൂടിയത്. തട്ടിക്കൊണ്ട് പോകാന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. വയനാട് മീനങ്ങാടി കരണി സ്വദേശികളായ പടിക്കൽ അസ്കർ അലി, പുള്ളാർ കുടിയിൽ പ്രവീൺ, തെക്കെയിൽ ഹർഷാൽ എന്നിവരാണ് പിടിയിലായത്.