Asianet News MalayalamAsianet News Malayalam

ഇരിട്ടിയിൽ പള്ളിവികാരിയെ വിമർശിച്ച് പോസ്റ്റിട്ടയാളെ ആൾക്കൂട്ട വിചാരണ നടത്തി മാപ്പ് പറയിച്ചു

ഇരിട്ടിയിൽ പള്ളിവികാരിയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടയാളെ ആൾക്കൂട്ട വിചാരണ നടത്തി മാപ്പ് പറയിച്ചു. കുന്നോത്ത് പള്ളി വികാരി ഫാദർ അഗസ്ത്യൻ പാണ്ട്യാംമാക്കലിനെ വിമർശിച്ച പൊതുപ്രവർത്തകൻ ജിൽസ് ഉണ്ണിമാക്കലിനെയാണ് പൊലീസ് നോക്കി നിൽക്കേ വിശ്വാസികൾ പള്ളിയിൽ കൊണ്ടുവന്ന് അപമാനിച്ചത്.

Crowd prosecutes, apologizes to man in iruuti
Author
Kerala, First Published Feb 26, 2021, 12:02 AM IST

കണ്ണൂർ: ഇരിട്ടിയിൽ പള്ളിവികാരിയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടയാളെ ആൾക്കൂട്ട വിചാരണ നടത്തി മാപ്പ് പറയിച്ചു. കുന്നോത്ത് പള്ളി വികാരി ഫാദർ അഗസ്ത്യൻ പാണ്ട്യാംമാക്കലിനെ വിമർശിച്ച പൊതുപ്രവർത്തകൻ ജിൽസ് ഉണ്ണിമാക്കലിനെയാണ് പൊലീസ് നോക്കി നിൽക്കേ വിശ്വാസികൾ പള്ളിയിൽ കൊണ്ടുവന്ന് അപമാനിച്ചത്.

ക്യാൻസർ ബാധിച്ച് മരിച്ച  ആൽബർട്ട് എന്ന 16 കാരന് പള്ളിവികാരി അന്ത്യകൂദാശ നൽകിയില്ലെന്ന പ്രശ്നത്തിൽ ഇടപെട്ട് പ്രതികരിച്ചയാൾക്കാണ് ദുരനുഭവമുണ്ടായത്. നാല് വർഷമായി ക്യാൻസർ ചികിത്സയിലായിരുന്നു ആൽബർട്ട് എന്ന 16-കാരന്റെ ഒരു കാല് പൂർണ്ണമായും മുറിച്ചുമാറ്റിയിരുന്നു. തുടർ ചികിത്സകൾ ഫലിക്കാതെ വന്നതോടെ പാലിയേറ്റീവ് കെയർ നൽകിയാൽ മതിയെന്നുകാട്ടി വീട്ടിലേക്ക് അവനെ പറഞ്ഞയച്ചു. മകന് അന്ത്യകൂദാശ അടക്കമുള്ള മതപരമായ പ്രാർത്ഥന നടത്തണമെന്ന് അഭ്യർത്ഥിച്ച് പിതാവ് മാത്യു ചരുപറമ്പിൽ കുന്നോത്ത് സെന്റ് തോമസ് ഫൊറോന പള്ളി വികാരി ഫാദർ അഗസ്ത്യൻ പാണ്ട്യാംമാക്കലിനെ കണ്ടു.

കുഞ്ഞിന്റെ മരണ ശേഷം സങ്കടവും ദേഷ്യവും സഹിക്കാനാകാതെ മാത്യു ഒരിക്കൽ കൂടി പള്ളിയിലെത്തി വികാരിയെ കുറ്റപ്പെടുത്തി സംസാരിച്ചു. ഈ വീഡിയോ ഫേസ്ബുക്കിൽ ഷെയർ ചെയത് പൊതുപ്രവർത്തകനായ ജിൽസ് ഉണ്ണിമാക്കൽ ഇടവക വികാരിക്കും കൈക്കാരൻ ജോസിനെതിരെയും രൂക്ഷ വിമർശനം ഉന്നയിച്ചു. വികാരിക്ക് പറയാനുള്ളത് കേൾക്കാതെ ഏകപക്ഷീയമായാണ് ഫേസ്ബുക്ക് പോസ്റ്റ് എന്നാരോപിച്ച് ഒരു കൂട്ടം ആളുകൾ ജിൽസിനെ പള്ളിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ആൾക്കൂട്ട വിചാരണ നടത്തി.

കൈക്കാരൻ ജോസിന്റെ കാലുപിടിപ്പിച്ച് കൂക്കിവിളിയോടെയാണ് സംഘം മടങ്ങിയത്. ജിൽസിനെ വിചാരണ ചെയ്ത സംഘത്തെ അനുമോദിച്ച് ഇവർ കേരള കത്തോലിക്ക സമൂഹത്തിന് മാതൃകയാണെന്ന് പള്ളി വികാരി വിശ്വാസികളുടെ വാട്സാപ് കൂട്ടായ്മയിൽ കുറിപ്പിടുകയും ചെയ്തു. നടന്ന കാര്യത്തിൽ വിശദീകരണത്തിനായി വികാരി അഗസ്ത്യൻ പാണ്ട്യാംമാക്കലിലെ ഞങ്ങൾ ഫോണിൽ ബന്ധപ്പെട്ടു. കുട്ടിക്ക് സമയത്തുതന്നെ കൂദാശ നൽകിയിരുന്നു എന്നും മറ്റുകാര്യങ്ങളെക്കുറിച്ച് കൂടുതൽ വിശദീകരണത്തിന് ഇപ്പോൾ തയ്യാറല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Follow Us:
Download App:
  • android
  • ios