തൊടുപുഴ: ഇടുക്കി തൊടുപുഴയിൽ നാട്ടുകാരെ ആശങ്കയിലാക്കി വീടിന്റെ മുൻവാതിലിൽ വിചിത്ര ഭാഷയിലെഴുതിയ കത്ത്. രക്തക്കറ പുരണ്ടത് പോലെയുള്ള കത്തിലുള്ളത് എന്താണെന്ന് വ്യക്തമല്ല. വ്യക്തിവൈരാഗ്യം നിമിത്തം ആരെങ്കിലും ചെയ്തതാകാമെന്നും അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

തൊടുപുഴ സഹകരണ ആശുപത്രിക്ക് സമീപത്തുള്ള തച്ചേട്ട് നഗറിലെ ജി. ബിജുമോന്റെ വീടിന്റെ മുൻ വാതിലിലാണ് ദുരൂഹത നിറഞ്ഞ കത്ത് കണ്ടത്. രാത്രി വീട്ടുകാർ ഉറങ്ങിക്കിടക്കുന്പോൾ വാതിൽ പുറത്ത് നിന്ന് അടച്ച ശേഷം കത്ത് നൂലിൽ കെട്ടി തൂക്കുകയായിരുന്നു. ഭിത്തിയിൽ രക്തം പുരണ്ടതിന് സമാനമായ വിരലടയാളവുമുണ്ട്.

വിചിത്ര ഭാഷയിലുള്ള കത്തിൽ എന്താണ് എഴുതിയിരിക്കുന്നതെന്ന് വ്യക്തമല്ല. ബിജുമോൻ തൊടുപുഴ പൊലീസിൽ പരാതി നൽകി. പ്രഥമദൃഷ്ട്യാ സംഭവത്തിൽ ദുരൂഹതയില്ലെന്നും വ്യക്തിവൈരാഗ്യം നിമിത്തം ആരെങ്കിലും പേടിപ്പിക്കാനായി ചെയ്തതാകാമെന്നുമാണ് പൊലീസിന്റെ നിഗമനം. കത്തിലുള്ളത് ചോരപ്പാടുകളല്ല. പ്രദേശത്ത് സിസിടിവി കാമറ വയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. എന്നാൽ ആരുമായും ശത്രുതയില്ലെന്നും ആശങ്ക ഒഴിവാക്കാന സംഭവത്തിന്‍റെ സത്യാവസ്ഥ ഉടൻ പുറത്തുകൊണ്ടുവരണമെന്നും ബിജുമോൻ ആവശ്യപ്പെട്ടു.