പതിനൊന്ന് ബാഗുകളിലാക്കിയായിരുന്നു സിഗരറ്റ് കൊണ്ടുവന്നത്. എഎസ്എസ്ഇ ഗോള്‍ഡന്‍ ലീഫ് ബ്രാന്‍ഡിന്‍റെ സൂപ്പര്‍ സ്ലിം സിഗരറ്റുകളാണ് പിടികൂടിയിട്ടുള്ളത്

അമൃത്സര്‍: ദുബായില്‍ നിന്നുള്ള സ്പൈസ് ജെറ്റ് വിമാനത്തില്‍ നിന്ന് കസ്റ്റംസ് പിടികൂടിയത് 29.5 ലക്ഷം രൂപയുടെ സിഗരറ്റ്. കൊറിയന്‍ നിര്‍മ്മിതമായ 260400 സിഗരറ്റാണ് പഞ്ചാബിലെ അമൃത്സര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടിയത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് കസ്റ്റംസ് വ്യക്തമാക്കി. പതിനൊന്ന് ബാഗുകളിലാക്കിയായിരുന്നു സിഗരറ്റ് കൊണ്ടുവന്നത്. എഎസ്എസ്ഇ ഗോള്‍ഡന്‍ ലീഫ് ബ്രാന്‍ഡിന്‍റെ സൂപ്പര്‍ സ്ലിം സിഗരറ്റുകളാണ് പിടികൂടിയിട്ടുള്ളത്. ഇന്ന് രാവിലെ ദുബായില്‍ നിന്ന് അമൃത്സറിലേക്ക് വന്ന എസ് ജി 56 വിമാനത്തിനുള്ളിലായിരുന്നു വിദേശ നിര്‍മ്മിത സിഗരറ്റ് ശേഖരം ഉണ്ടായിരുന്നത്.

എയര്‍ലൈന്‍ ജീവനക്കാരുടെ പക്കലായിരുന്നു ബാഗുകള്‍ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക സൂചനകള്‍. സ്കാന്‍ ചെയ്തപ്പോള്‍ തോന്നിയ സംശയമാണ് ബാഗ് പരിശോധിക്കാന്‍ കാരണമായത്. 1962ലെ കസ്റ്റംസ് ആക്ട് പ്രകാരമാണ് സിഗരറ്റ് ശേഖരം പിടിച്ചിട്ടുള്ളത്. ഇറക്കുമതി ചെയ്യുന്ന വിദേശ നിര്‍മ്മിത സിഗരറ്റുകളുടെ അനധികൃത വില്‍പന പഞ്ചാബില്‍ സജീവമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് പഞ്ചാബില്‍ നിന്നും വിദേശ നിര്‍മ്മിത സിഗരറ്റുകള്‍ എത്തുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വന്‍ ടാക്സ് വെട്ടിപ്പാണ് ഇത്തരം അനധികൃത വില്‍പനയിലൂടെ നടക്കുന്നത്. കേള്‍ക്കുക കൂടി ചെയ്യാത്ത ഇന്ത്യന്‍ കമ്പിനകളുടെ സിഗരറ്റും വിദേശ നിര്‍മ്മിത സിഗരറ്റുകളും ഒരു പോലെ സുലഭമെന്നായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ വിശദമാക്കിയത്.

Scroll to load tweet…

2020ല്‍ ദില്ലി കസ്റ്റംസ് 20 ലക്ഷം വിദേശ നിര്‍മ്മിത സിഗരറ്റ് പിടികൂടിയിരുന്നു. ഇതിന് ഏകദേശം 2.35 കോടിയാണ് വില വരിക. ചൈന, മലേഷ്യ, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്ന് കടത്തിക്കൊണ്ട് വരുന്ന സിഗരറ്റ് വന്‍ ടാക്സ് വെട്ടിപ്പ് നടത്തിയായിരുന്നു വില്‍പ്പന നടത്തിയിരുന്നത്. ഇന്ത്യന്‍ ബ്രാന്‍ഡുകളെ അപേക്ഷിച്ച് കൂടുതല്‍ ആകര്‍ഷണീയമായ പാക്കറ്റുകളിലാണ് വിദേശ നിര്‍മ്മിത സിഗരറ്റ് എത്തുന്നത്. നിയമപരമായി പഞ്ചാബില്‍ മാത്രം ഓരോ വര്‍ഷവും 120 മില്യണ്‍ സിഗരറ്റുകള്‍ വില്‍ക്കപ്പെടുന്നുണ്ട്. കരിഞ്ചന്തയില്‍ ഇതിന്‍റെ 20 മുതല്‍ 30 ശതമാനം വരെ വില്‍പ്പന നടക്കുന്നതായാണ് സൂചന. മറ്റ് സിഗരറ്റുകളേക്കാള്‍ വന്‍ വിലക്കുറവിലുമാണ് ഇത്തരം സിഗരറ്റുകളുടെ വില്‍പ്പനയുമെന്നാണ് വിവരം.