കഴിഞ്ഞ ഒരു വർഷമായി നെടുന്പാശ്ശേരി വിമാനത്താവളത്തിൽ ഉദ്യോഗസ്ഥനാണ് കണ്ണമാലി സ്വദേശി സുനിൽ ഫ്രാൻസിസ്. ഈ കാലയളവിൽ കൊച്ചി വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസുകളിൽ ഇയാളുടെ പങ്ക് വിശദമായി അന്വേഷിക്കും
കൊച്ചി: കൊച്ചി വിമാനത്താവളത്തിലെ സ്വർണ്ണക്കടത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ സുനിൽ ഫ്രാൻസിസ് റിമാൻഡിൽ. ദുബായില്‍ നിന്ന് സ്വർണ്ണം എത്തിച്ച പത്തനംതിട്ട സ്വദേശിക്കൊപ്പമാണ് എറണാകുളം പ്രത്യേക സാമ്പത്തിക കോടതിയിൽ ഹാജരാക്കി സുനിൽ ഫ്രാൻസിസിനെ റിമാൻഡ് ചെയ്തത്.
കസ്റ്റംസിൽ ഹവിൽദാറായ സുനിൽ ഫ്രാൻസിസിന്‍റെ സഹായത്തോടെയാണ് ദുബായില്‍ നിന്നെത്തിയ ഖാലിദ് അദിനാൻ സ്വർണ്ണക്കടത്ത് നടത്തിയതെന്ന് ഡിആർഐ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഒരു കോടി രൂപ വിലമതിക്കുന്ന മൂന്ന് കിലോ സ്വർണ്ണം ഇരുവരും ചേർന്ന് കടത്താൻ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്.
എറണാകുളം പ്രത്യേക സാമ്പത്തിക കോടതി റിമാൻഡ് ചെയ്ത ഇരുവരേയും കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. കഴിഞ്ഞ ഒരു വർഷമായി നെടുന്പാശ്ശേരി വിമാനത്താവളത്തിൽ ഉദ്യോഗസ്ഥനാണ് കണ്ണമാലി സ്വദേശി സുനിൽ ഫ്രാൻസിസ്. ഈ കാലയളവിൽ കൊച്ചി വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസുകളിൽ ഇയാളുടെ പങ്ക് വിശദമായി അന്വേഷിക്കുമെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജൻസ് വ്യക്തമാക്കി.
സ്വർണ്ണക്കടത്ത് സംഘവുമായുള്ള ഇയാളുടെ ബന്ധം ഡിആർഐ അന്വേഷിച്ച് വരികയാണ്. വിമാനത്താവളത്തിലെ കൂടുതൽ ഉദ്യോഗസ്ഥർ ഡിആർഐ നിരീക്ഷണത്തിലാണ്. അന്വേഷണം കൂടുതൽ ഉദ്യോഗസ്ഥരിലേക്ക് നീളുമെന്നാണ് സൂചനകൾ. കസ്റ്റംസ് കഴിഞ്ഞ ദിവസം തന്നെ സുനിൽ ഫ്രാൻസിസിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.
കുറച്ചു നാളായി കസ്റ്റംസ് വിജിലൻസ് വിഭാഗത്തിന്‍റെയും നിരീക്ഷണത്തിലായിരുന്നു ഇയാൾ. അവധി ദിവസങ്ങളിൽ ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തുന്നത് ഇനി മുതൽ കർശനമായി വിലക്കാനാണ് കസ്റ്റംസ് തീരുമാനം. അവധി ദിവസം ബന്ധുവിനെ കാണാനെന്ന വ്യാജേനയാണ് സുനിൽ ഫ്രാൻസിസ് വിമാനത്താവളത്തിലെത്തിയത്. ശുചിമുറിയില്‍ വെച്ച് സ്വർണ്ണം കൈമാറുന്നതിനിടെയായിരുന്നു അറസ്റ്റ്.
