കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ കാറിൽ നിന്ന് സയനൈഡെന്ന് സംശയിക്കുന്ന വിഷവസ്തു കണ്ടെടുത്തു. സൂക്ഷ്മതയോടെ കാറിന്‍റെ രഹസ്യ അറയിൽ പേഴ്സിൽ നിരവധി കവറുകൾക്കുള്ളിലായാണ് ഈ വിഷവസ്തു സൂക്ഷിച്ചിരുന്നത്. വിശദമായ പരിശോധനയ്ക്കായി കാറിൽ നിന്ന് കിട്ടിയ ഓരോ വസ്തുവും അയക്കാനൊരുങ്ങുകയാണ് പൊലീസ്. കാറിനുള്ളിലാണ് സയനൈഡ് വച്ചതെന്ന് ജോളി നേരത്തേ മൊഴി നൽകിയിരുന്നത്. ഇത് സയനൈഡെന്ന് തെളിഞ്ഞ‌ാൽ അന്വേഷണത്തിൽ ഇത് പൊലീസിന് നിർണായകമായ തെളിവാകും. 

ജോളി ഉപയോഗിച്ച സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിലും വിശദമായ പരിശോധന നടത്താനൊരുങ്ങുകയാണ് പൊലീസ്. എന്നാൽ സിലി മരിച്ച സമയത്ത് ജോളി ഉപയോഗിച്ചത് ഈ കാറല്ല. അതൊരു ആൾട്ടോ കാറാണ്. അതിപ്പോൾ ഒരു റിട്ടയേഡ് സർക്കാരുദ്യോഗസ്ഥന്‍റെ പക്കലാണുള്ളതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. അത് പൊലീസ് പരിശോധിച്ച് വരികയാണ്. 

വിഷം സൂക്ഷിച്ചത് ഡ്രൈവർ സീറ്റിനടുത്ത്

ജോളിയുടെ കാർ കസ്റ്റഡിയിലെടുത്ത് വിശദമായ പരിശോധന തുടരുകയാണ് പൊലീസിപ്പോൾ. കൊടുവള്ളി സി ഐ ചന്ദ്രമോഹന്‍റെ നേതൃത്വത്തിലാണ് പരിശോധന. ഡ്രൈവർ സീറ്റിനടുത്ത് രഹസ്യ അറയുണ്ടാക്കി, പല കവറുകളിലായി സൂക്ഷ്മതയോടെ സൂക്ഷിച്ച നിലയിലായിരുന്നു വിഷവസ്തു. കാറിനുള്ളിൽ നിന്ന് കണ്ടെത്തിയ എല്ലാ വസ്തുക്കളും വിശദമായ ഫോറൻസിക് പരിശോധനയ്ക്കായി പൊലീസ് അയക്കും. ഇത് കേരളത്തിലെ ലാബിൽ പരിശോധിച്ചാൽ മതിയോ, പുറത്ത് എവിടേക്കെങ്കിലും അയക്കണോ എന്ന കാര്യം ഉന്നത ഉദ്യോഗസ്ഥർ പിന്നീട് തീരുമാനിക്കും.

ജോളി നടത്തിയ കൊലപാതകങ്ങളിൽ ഒന്ന് നടന്നത് കാറിനുള്ളിലാണ് എന്നതും പൊലീസിന് ഇത് വഴി ചൂണ്ടിക്കാണിക്കാനാകും. ഷാജുവിന്‍റെ ഭാര്യ സിലി കുഴഞ്ഞു വീണ് മരിച്ചത് കാറിനുള്ളിലാണ്. ദന്താശുപത്രിയിലേക്ക് പോകും വഴിയാണ് സിലി കുഴഞ്ഞു വീണത്. സിലിയെ ആശുപത്രിയിലെത്തിക്കാൻ ജോളി മനഃപൂർവം വൈകിച്ചതാണെന്നും വ്യക്തമായിരുന്നു. താമരശ്ശേരിയിൽ സ്വകാര്യ ആശുപത്രിയടക്കം തൊട്ടടുത്ത് ഉണ്ടായിട്ടും വളഞ്ഞ വഴി ചുറ്റിപ്പോയി ഓമശ്ശേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാമെന്ന് നിർബന്ധം പിടിച്ചത് ജോളിയാണ്.

സിലിയുടെ പോസ്റ്റ്‍മോ‍ർട്ടം നടത്തുന്നതിനെ ജോളി ശക്തമായി എതിർത്തു. സിലിയുടെ സഹോദരൻ സിജോയോട് പോസ്റ്റ്‍മോർട്ടം വേണ്ടെന്ന് തീർത്തു പറഞ്ഞു. ഒടുവിൽ ഭർത്താവ് ഷാജു തന്നെയാണ് പോസ്റ്റ്‍മോർട്ടം വേണ്ടെന്ന് എഴുതി നൽകിയത്.

ഷാജു എല്ലാം അറിഞ്ഞിരുന്നു?

ഭാര്യ സിലി മരിക്കുമെന്നും ജോളി അതിന് പിന്നിലുണ്ടെന്നും ഷാജുവിന് അറിയാമായിരുന്നുവെന്ന വിലയിരുത്തലിലാണ് പൊലീസ്. ഇതിന്‍റെ ഭാഗമായി ഷാജുവിനെ വീണ്ടും വിളിച്ച് വരുത്തി ചോദ്യം ചെയ്യുകയാണ്. ഷാജുവിന്‍റെ അച്ഛൻ സഖറിയാസിനെയും ചോദ്യം ചെയ്യുന്ന കാര്യം പൊലീസ് ആലോചിക്കുന്നു. 

ജോളിക്കെതിരെ സിലിയുടെ മകന്‍ ചില നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ട്. സിലി അവസാനമായി ഭക്ഷണം കഴിച്ചത് ജോളിയുടെ വീട്ടിൽ നിന്നാണെന്ന് ഷാജു - സിലി ദമ്പതികളുടെ മകൻ പൊലീസിനോട് പറഞ്ഞു. വിവാഹ സത്ക്കാരത്തിനിടെ സിലിക്ക് ഭക്ഷണത്തിൽ സയനൈഡ് ചേർത്ത് നൽകിയെന്നാണ് ജോളി നേരത്തെ മൊഴി നൽകിയിരുന്നത്.

ഇത് കളവാണെന്നും ഹാളിൽ നിന്നല്ല ജോളിയുടെ വീട്ടിൽ നിന്ന് തന്നെയാണ്  ഏറ്റവും ഒടുവിൽ സിലി ഭക്ഷണം കഴിച്ചതെന്നും  മകൻ മൊഴി നൽകി. സിലിയെ കൊല്ലാനായി മണിക്കൂറുകൾക്കുള്ളിൽ ജോളി മൂന്ന് തവണ സയനൈഡ് നൽകിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഭക്ഷണത്തിലും വെള്ളത്തിലും ഗുളികയിലുമാണ് സയനൈഡ് കലർത്തിയതെന്നാണ് പൊലീസിന് കിട്ടിയ വിവരം. സിലി കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഡിവൈഎസ്പി വേണുഗോപാലിന്‍റെ നേതൃത്വത്തിൽ ജോളിയെ ചോദ്യം ചെയ്ത് വരികയാണ്. ഓമശ്ശേരി, കൂടത്തായി, കട്ടപ്പന തുടങ്ങിയ സ്ഥലങ്ങളില്‍ തെളിവെടുപ്പിനായി ജോളിയെ കൊണ്ടു പോകും. ആറ് ദിവസത്തെ കസ്റ്റഡിയ്ക്കിടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.