ബെം​ഗളൂരു: ഉയർന്ന ജാതിയിലുള്ളയാളുടെ ബൈക്കിൽ തൊട്ടതിന്റെ പേരിൽ ദളിത് യുവാവിന് ആൾക്കൂട്ട മർദ്ദനം. കര്‍ണാടകയിലെ വിജയപുരയിലാണ് സംഭവം. ആക്രമണത്തിൽ തറയിൽ വീണ യുവാവിനെ വടികളും ഷൂകളും കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചതായും പൊലീസ് പറയുന്നു. സംഭവത്തിന് പിന്നാലെ യുവാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു.

തന്നെ വിവസ്ത്രനാക്കി അപമാനിച്ചതായും യുവാവിന്റെ പരാതിയില്‍ പറയുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. അബദ്ധത്തിൽ ഉയര്‍ന്ന ജാതിയില്‍പ്പെട്ടയാളുടെ ബൈക്കില്‍ തൊട്ടെന്ന് പറഞ്ഞാണ് ഉടമയും ബന്ധുക്കളും ചേര്‍ന്ന് തന്നെയും കുടുംബത്തെയും മര്‍ദ്ദിച്ചതെന്ന് യുവാവിന്റെ പരാതിയില്‍ പറയുന്നു. 

13 പേര്‍ ചേര്‍ന്നായിരുന്നു മര്‍ദ്ദനം. ഇവർക്കെതിരെ നടപടി സ്വീകരിച്ചതായി അന്വേഷണ ഉദ്യോ​ഗസ്ഥർ പറഞ്ഞു. പട്ടിക ജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ തടയല്‍ നിയമമനുസരിച്ചാണ് നടപടി എടുത്തിരിക്കുന്നത്. യുവാവിനെ മർദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. കൊവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനിയിലാണ് യുവാവിനെ കൂട്ടം കൂടി മർദ്ദിച്ചതെന്ന വാർത്ത പുറത്തുവരുന്നത്.