കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ച് 18 വയസ് പ്രായമുള്ള ദളിത് കൌമാരക്കാര്‍ക്ക് ക്രൂര മര്‍ദ്ദനം. ആന്ധ്രപ്രദേശിലാണ് ഞെട്ടിക്കുന്ന സംഭവം. ഉയര്‍ന്ന ജാതിയില്‍പ്പെട്ട നാലുയുവാക്കളായിരുന്നു അക്രമത്തിന് പിന്നില്‍. ഇവരെ മരത്തില്‍ കെട്ടിയിട്ട ശേഷം വടികൊണ്ട് 12 മണിക്കൂറോളം മര്‍ദ്ദിച്ചതായാണ് ദി ക്വിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച മര്‍ദ്ദന വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. ജനുവരി 19 ചൊവ്വാഴ്ചയാണ് സംഭവം നടക്കുന്നത്. ധര്‍മ്മാജിഗുണ്ടെ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ഗോദാവരി ജില്ലയിലാണ് ഈ സ്ഥലം.വെങ്കിടേശ്വര റാവു, സന്തോഷ് എന്നിവരാണ് അക്രമത്തിന് ഇരയായതെന്നാണ് പൊലീസ് വിശദമാക്കുന്നത്. അക്രമത്തിനിരയായവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദളിത് കൌമാരക്കാര്‍ക്ക് കാലുകള്‍ക്കും തോളിനുമാണ് പരിക്കേറ്റിട്ടുള്ളത്. ഇവരുടെ നില ഗുരുതരമല്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. 

മാല സമുദായത്തിലെ കൌമാരക്കാര്‍ക്കാണ് മര്‍ദ്ദനം നേരിട്ടത്. കാപു സമുദായത്തിലെ യുവാക്കളാണ് അക്രമത്തിന് പിന്നില്‍. തിങ്കളാഴ്ച ഒരു കടയില്‍ നടന്ന തര്‍ക്കത്തിനിടയിലാണ് ഇവര്‍ കോഴിയെ മോഷ്ടിച്ചതായി ആരോപണം ഉയര്‍ന്നത്. പെട്രോള്‍ വാങ്ങിക്കാനായി ഇറങ്ങിയതായിരുന്നു ഇവര്‍. ബോട്ടിലുമായി എത്തിയ ഇവരെ കണ്ട കടയുടമയായ സ്ത്രീയാണ് ആദ്യം മോഷണം ആരോപിച്ചത്. പൊലീസിനോട് കോഴിയെ മോഷ്ടിച്ചത് തങ്ങളാണെന്ന് കുറ്റസമ്മതം നടത്താന്‍ ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനമെന്നും ദളിത് കൌമാരക്കാര്‍ പറയുന്നു. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാത്രിയുമാണ് ഇവര്‍ക്ക് നേരെ മര്‍ദ്ദനമുണ്ടായതെന്നും പൊലീസ് വിശദമാക്കുന്നു. 

സംഭവത്തില്‍ ഇതുവരെ കേസ് എടുത്തിട്ടില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. അക്രമത്തിന് ഇരയായവര്‍ ഇതുവരെ മൊഴി നല്‍കിയിട്ടില്ലെന്നും പൊലീസ് പറയുന്നു.