ഹര്‍ദോയ്: ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ച ദലിത് യുവാവിനെ ജീവനോടെ ചുട്ടുകൊന്നു. ശനിയാഴ്ചയാണ് ഹര്‍ദോയ് ജില്ലിയില്‍ 20 -കാരനായ അഭിഷേകിനെ വീടിനുള്ളില്‍ തീ കൊളുത്തി കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ ഇയാളുടെ അമ്മ മരിച്ചു. മകന്‍റെ മരണത്തില്‍ മനംനൊന്താണ് യുവാവിന്‍റെ അമ്മയുടെ മരണമെന്നാണ്  ബന്ധുക്കളുടെ ആരോപണം.

അഭിഷേകും ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയെ കാണാന്‍ പോയി മടങ്ങി വരുമ്പോഴായിരുന്നു സംഭവം നടന്നത്. അസുഖബാധിതയായ അമ്മ റാം ബേട്ടിയുടെ ചികിത്സയ്ക്കായി 25,000 രൂപയും സംഘടിപ്പിച്ച് വീട്ടിലേക്ക് പോകുകയായിരുന്നു ഇയാള്‍. വഴിമധ്യേ കുറച്ച് ആളുകള്‍ അഭിഷേകിനെ തടഞ്ഞ് മറ്റൊരു സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. കയ്യിലുള്ള പണം അപഹരിച്ച ശേഷം വിജനമായ ഒരു വീട്ടില്‍ എത്തിച്ച ഇയാളെ ജീവനോടെ കത്തിക്കുകയായിരുന്നെന്ന് അഭിഷേകിന്‍റെ ബന്ധു പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ക്രൂരമായ മര്‍ദ്ദനത്തിന് ശേഷമാണ് അഭിഷേകിനെ കൊലപ്പെടുത്തിയത്. നിലവിളി കേട്ട് ഓടിക്കൂടിയ അയല്‍വാസികള്‍ ഇയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചു. ഞായറാഴ്ചയോടെ ലഖ്നൗവിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഗുരുതരമായ പരിക്കുകള്‍ മൂലം യാത്രക്കിടെ മരണം സംഭവിക്കുകയായിരുന്നെന്ന് പൊലീസ് സൂപ്രണ്ട് അറിയിച്ചു. അഭിഷേകിന്‍റെ മരണവാര്‍ത്ത അറിഞ്ഞതിന്‍റെ ആഘാതത്തിലാണ് ഇയാളുടെ അമ്മ മരിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. 

പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കളും രണ്ട് അയല്‍വാസികളും ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കേസന്വേഷണം പുരോഗമിക്കുകയാണെന്നും എസ് പി കൂട്ടിച്ചേര്‍ത്തു.