അഹമ്മദാബാദ്: ഗുജറാത്തില്‍ മന:സാക്ഷിയെ ഞെട്ടിച്ച് വീണ്ടും ജാതിക്കൊലപാതകം. ദലിത് യുവാവിനെ ഗര്‍ഭിണിയായ ഭാര്യയുടെ മുന്നിലിട്ട് ഭാര്യാപിതാവും സംഘവും വെട്ടിക്കൊന്നു. 25 കാരനായ ഹരേഷ് കുമാര്‍ സോളങ്കിയാണ് കൊല്ലപ്പെട്ടത്. അഹമ്മദാബാദിലെ വര്‍മോര്‍ ഗ്രാമത്തിലാണ് സംഭവം. വനിത ഹെല്‍പ് ലൈന്‍ സംഘത്തിന്‍റെ മുന്നിലിട്ടായിരുന്നു കൊലപാതകം.

ആറ് മാസം മുമ്പാണ് രജപുത്ര വിഭാഗത്തില്‍പ്പെട്ട ഊര്‍മിള ‌‌ഝാല എന്ന യുവതിയെ ദലിത് വിഭാഗത്തില്‍പ്പെട്ട ഹരേഷ് പ്രണയിച്ച് വിവാഹം കഴിക്കുന്നത്. കച്ചിലെ ഗാന്ധിധാമാണ് ഹരേഷിന്‍റെ സ്വദേശം. ഭാര്യ വീട്ടുകാരുടെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് ഇരുവരും വിവാഹിതരായത്. കഴിഞ്ഞ മേയില്‍ ഹരേഷിന്‍റെ വീട്ടില്‍നിന്ന് മാതാപിതാക്കള്‍ ഊര്‍മിള ബലമായി സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നു.

ഊര്‍മിളയെ കൂട്ടിക്കൊണ്ടുപോകാന്‍ ഹരേഷ് എത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്. പ്രശ്ന പരിഹാരത്തിന് വനിതാ ഹെല്‍പ് ലൈന്‍ സംഘവും എത്തിയിരുന്നു. സംസാരിക്കുന്നതിനിടെ ഊര്‍മിളയുടെ അച്ഛനായ ദശ്രഥ് സിംഗ് ഝാലയും എട്ടുപേരടങ്ങുന്ന സംഘവും ഹരേഷിനെ ഊര്‍മിളയുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കൊലപാതകത്തിന് ശേഷം ഊര്‍മിളയെ കാണാനില്ലെന്നും പൊലീസ് അറിയിച്ചു. ദുരഭിമാനമാണ് കൊലപാതത്തിന് പ്രേരിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.