കോട്ട: വാട്ടര്‍ പമ്പ് മോഷ്ടിച്ചുവെന്നാരോപിച്ച് ദളിത് യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. രാജസ്ഥാനിലെ ഗട്ടോലി സ്വദേശിയായ ദുലിചന്ദ് മീണ എന്നയാളാണ് മര്‍ദ്ദനത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ടത്. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ്. പാടത്ത് സ്ഥാപിച്ചിരുന്ന വാട്ടര്‍ പമ്പ് മോഷ്ടിച്ചുവെന്നാരോപിച്ച് സ്ഥലമുടമ ആദ്യം ദുലിചന്ദിന്റെ പിതാവിനെ സമീപിച്ചിരുന്നു. അദ്ദേഹം മകനെ പരാതി പറഞ്ഞവര്‍ക്ക് മുമ്പിലിട്ട് വഴക്കുപറയുകയും അവരോട് പൊലീസില്‍ പരാതി നല്‍കണമെന്ന് പറയുകയും ചെയ്തിരുന്നു. 

എന്നാല്‍ പിന്നീട് സ്ഥലമുടമയും അയാളുടെ രണ്ട് മക്കളും നാട്ടുകാരായ മറ്റുചിലരും ചേര്‍ന്ന് വിജനമായ ഒരു പ്രദേശത്ത് വച്ച് ദുലിചന്ദിനെ ഇക്കാര്യം പറഞ്ഞ് കയ്യേറ്റം ചെയ്തു. കയ്യേറ്റം ഒടുവില്‍ ചെന്നെത്തിയത് ക്രൂരമായ മര്‍ദ്ദനത്തില്‍. 

മര്‍ദ്ദനമേറ്റ് അവശനായ ദുലിചന്ദിനെ പിന്നീട് ബന്ധുക്കള്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രതികള്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്. എന്നാല്‍ ഇതുവരെയും ഒരു പ്രതിയെപ്പോലും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് വിവരം.