മുംബൈ: മകൾ താഴ്ന്ന ജാതിയിൽ പെട്ട യുവാവിനെ പ്രണയിച്ച് ഒളിച്ചോടി വിവാഹം ചെയ്ത സംഭവത്തിൽ മനം നൊന്ത് അച്ഛനും അമ്മയും സഹോദരനും കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ ​ഗഡ്ചിരോലിയിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് വെളിപ്പെടുത്തുന്നു. രവീന്ദ്ര (54), വൈശാലി (45), സാ‌യിറാം (24) എന്നിവരാണ് മരിച്ചത്. ഇവർ മരിച്ച തറിഞ്ഞതിനെ തുടർന്ന് വിവാഹിതരായ മകളും ഭർത്താവും നദിയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമ‌ിച്ചിരുന്നു. ഇവരെ രക്ഷപ്പെടുത്തിയതായും ആരോ​ഗ്യനിലയിൽ പ്രശ്നമൊന്നുമില്ലെന്നും പൊലീസ് വ്യക്തമാക്കി.

സ്കൂൾ അധ്യാപികയായി ജോലി ചെയ്യുകയാണ് പ്രണാലി (24). ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കുടുംബത്തിലെ മൂത്ത പെൺകുട്ടിയായ പ്രണാലി വീട്ടിൽ നിന്നും കാമുകനൊപ്പം ഒളിച്ചോടിയത്. അടുത്ത ഗ്രാമത്തിലെത്തിയ യുവാവും യുവതിയും ശിവക്ഷേത്രത്തിൽ വച്ച് വിവാഹിതരായി. പ്രണാലിയുടെ കാമുകൻ താഴ്ന്ന ജാതിയിൽ പെട്ടതായിരുന്നത് കൊണ്ട്  വീട്ടുകാർ ബന്ധത്തെ ശക്തമായി എതിർത്തിരുന്നു. ഇതിനെ തുടർന്നാണ് പ്രണാലി വീട്ടിൽ നിന്നും ഇറങ്ങിപ്പോയി വിവാഹിതയായത്.

മകൾ ഒളിച്ചോടി വിവാഹം ചെയ്തു എന്ന പരാതിയുമായി രവീന്ദ്ര പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ യുവാവും യുവതിയും പ്രായപൂർത്തിയായവരാണെന്നും അതിനാൽ നടപടിയെടുക്കാൻ സാധിക്കില്ലെന്നുമായിരുന്നു പൊലീസിന്റെ മറുപടി. പിന്നീടാണ് കൂട്ടആത്മഹത്യ എന്ന തീരുമാനത്തിലേക്ക് കുടുംബം എത്തിയതെന്നാണ് പൊലീസ് നി​ഗമനം. കുടുംബാം​ഗങ്ങൾ മരിച്ചെന്നറിഞ്ഞ പ്രണതിയും ഭർത്താവും വിഷം കഴിച്ച ശേഷം നദിയിൽ ചാടുകയായിരുന്നു. പൊലീസ് സംഘം കൃത്യമായി ഇടപെട്ടത് കൊണ്ട് ഇവർ മരണത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.