Asianet News MalayalamAsianet News Malayalam

വീടുപണി നടക്കുന്ന സ്ഥലത്ത് പട്ടാപകല്‍ കവര്‍ച്ച, ടിന്‍ ഷീറ്റുകളുമായി കടന്ന നാടോടി സ്ത്രീകള്‍ പിടിയില്‍

കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ ആലപ്പുഴ പാലസ് വാർഡിലെ വീടുപണി നടക്കുന്ന സ്ഥലത്ത് നിന്നാണ് സാധനങ്ങൾ മോഷണം പോയത്

Daylight robbery at house construction site, nomadic women caught with tin sheets
Author
First Published Sep 15, 2023, 8:56 PM IST

ആലപ്പുഴ : നഗരത്തിൽ വീടുപണി നടക്കുന്ന കോമ്പൗണ്ടില്‍നിന്ന് അലൂമിനിയം ഷീറ്റുകളും ഇരുമ്പ് കമ്പികളും മറ്റും മോഷ്ടിച്ച നാടോടി സ്ത്രീകളെ പോലീസ് പിടികൂടി. തമിഴ്നാട് രാമനാഥപുരം സ്വദേശികളായ കൃഷ്ണമ്മ (30), മഹാലക്ഷ്മി(20), വെണ്ണില(18) എന്നിവരെയാണ് ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ ആലപ്പുഴ പാലസ് വാർഡിലെ വീടുപണി നടക്കുന്ന സ്ഥലത്ത് നിന്നാണ് സാധനങ്ങൾ മോഷണം പോയത്. 10,000 രൂപ വില വരുന്ന ടിൻ ഷീറ്റുകളും, അലൂമിനിയം റോൾ, ഇരുമ്പ് ഷീറ്റ്, ഇരുമ്പ് കമ്പികൾ എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്.

സംഭവത്തില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു. ആലപ്പുഴ സൗത്ത് ഇൻസ്പെക്ടർ എസ്.അരുണിന്റെ നേതൃത്വത്തിൽ എസ്.ഐ മനോജ് കൃഷ്ണൻ., എ.എസ്.ഐ ലേഖ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മൂന്നു പ്രതികളെയും റിമാൻഡ് ചെയ്തു.
മാസങ്ങള്‍ക്ക് മുമ്പ് ആലപ്പുഴയിലെ അമ്പലപ്പുഴയില്‍ ഉത്സവത്തിനിടെ പിഞ്ചുകുഞ്ഞിന്‍റെ സ്വർണ മാല കവർന്ന കേസിൽ മൂന്ന് നാടോടി സ്ത്രീകൾ അറസ്റ്റിലായിരുന്നു. തമിഴ്നാട് സ്വദേശിനികളായ പുഷ്പ, ദുർഗ, പൂർണ എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തതിരുന്നത്. പുന്തല ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പുറക്കാട് വലിയ വീട്ടിൽ ശ്രുതിയുടെ 9 മാസം പ്രായമുള്ള കുഞ്ഞിന്‍റെ കഴുത്തിൽ കിടന്ന 6 ഗ്രാം തൂക്കം വരുന്ന മാലയാണ് ഇവർ കവർന്നത്.

മാല കവരുന്നത് കണ്ട നാട്ടുകാർ ഇവരെ പിടികൂടി അറിയിച്ചതിനെത്തുടർന്ന് അമ്പലപ്പുഴ പൊലീസെത്തി ഇവരെ സ്റ്റേഷനിലെത്തിക്കുകയായിരുന്നു. നിരവധി സ്റ്റേഷനുകളിൽ മാല മോഷണത്തിനടക്കം പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ഒരിടവേളക്കുശേഷം നാടോടി സ്ത്രീകളുടെ മോഷണം ആലപ്പുഴയില്‍ വീണ്ടും സജീവമായിരിക്കുകയാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പോലീസ് നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്.

Follow Us:
Download App:
  • android
  • ios