സംഭവത്തിൽ ഇന്നലെ വൈകിട്ടോടെയാണ് പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പൊലീസിന് മുന്നിൽ കീഴടങ്ങിയത്. പത്താം ക്ലാസിലും പതിനൊന്നാം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥികളാണ് പെൺകുട്ടികൾ.

വയനാട്: വയനാട് അമ്പലവയലിൽ വയോധികനെ കൊലപെടുത്തിയ സംഭവത്തിൽ (Ambalavayal Murder) ആരോപണവുമായി കൊല്ലപ്പെട്ട മുഹമ്മദിൻ്റെ ഭാര്യ. മുഹമ്മദിനെതിരായ ആരോപണങ്ങൾ തെറ്റാണെന്ന് ഭാര്യ പറഞ്ഞു. മുഹമ്മദ് ആ കുടുംബത്തിൻ്റെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് മാത്രമായി ഈ കൊല നടത്താനാകില്ല. തന്‍റെ സഹോദരനും മകനുമാണ് കൊന്നതെന്നാണ് ഇവര്‍ ആരോപിക്കുന്നത്. പെൺകുട്ടികളുടെ പിതാവും മുഹമ്മദുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പെൺകുട്ടികളുടെ സംരക്ഷണത്തെ ചൊല്ലി തർക്കങ്ങൾ നിലനിന്നിരുന്നുവെന്നും മുഹമ്മദിന്റെ ഭാര്യ പറയുന്നു. അതേസമയം, പ്രതികളായ അമ്മയെയും പെൺകുട്ടികളെയും ഇന്ന് തെളിവെടുപ്പിന് കൊണ്ടു പോകും.

സംഭവത്തിൽ ഇന്നലെ വൈകിട്ടോടെയാണ് പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പൊലീസിന് മുന്നിൽ കീഴടങ്ങിയത്. പത്താം ക്ലാസിലും പതിനൊന്നാം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥികളാണ് പെൺകുട്ടികൾ. കൊല്ലപ്പെട്ട മുഹമ്മദിന്റെ വാടക വീട്ടിൽ അമ്മയ്ക്ക് ഒപ്പം വർഷങ്ങളായി താമസിച്ച് വരികയായിരുന്നു ഇരുവരും. അമ്മയെ മുഹമ്മദ് ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ കോടാലി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുട്ടികൾ പൊലീസിന് നൽകിയ മൊഴി. 

കൊലപാതകം നടന്ന അമ്പലവയലിലെ വീട്ടിലും മൃതദേഹം ചാക്കിൽ കെട്ടി ഒളിപ്പിക്കാൻ ശ്രമിച്ച സ്ഥലങ്ങളിലുമാണ് ഇന്ന് തെളിവെടുപ്പ് നടത്തുക. ഇതിന് ശേഷം ബത്തേരി കോടതിയിൽ അമ്മയെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കൽപ്പറ്റയിലെ ജുവനൈൽ ജസ്റ്റിസ് ബോർഡിലും ഹാജരാക്കും. ഇന്നലെ രാത്രി ഏറെ നേരം പോലീസ് പ്രതികളെ ചോദ്യം ചെയ്തു. അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ച മുഹമ്മദിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കഷണങ്ങളായി മുറിച്ച് വിവിധയിടങ്ങളിലായി നിക്ഷേപിക്കാനായിരുന്നു പദ്ധതി.

ഇതിനായി വലതുകാൽ മുറിച്ചെടുത്ത് സ്കൂൾ ബാഗിലാക്കി വീടിന് അകലെയുള്ള മാലിന്യപ്ലാൻ്റിൽ ഒളിപ്പിച്ചു. പിന്നീട് പിടിക്കപ്പെടുമെന്ന് ഭയന്നതോടെയാണ് കീഴടങ്ങാൻ തയ്യാറായതെന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി. മരിച്ച മുഹമ്മദിൻ്റെ പോസ്റ്റ്മോർട്ടം ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് നടക്കും. കൊല നടന്ന വീടിന് സമീപത്തെ നാട്ടുകാരിൽ ചിലരെയും പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കും.

Also Read: വയനാട്ടിൽ വൃദ്ധനെ കൊന്ന് ചാക്കിലാക്കി ഉപേക്ഷിച്ചു, പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ കീഴടങ്ങി

YouTube video player