കോഴിക്കോട്: വെള്ളന്നൂരിൽ യുവതിയും കുഞ്ഞും ഭര്‍ത്തൃവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് പരാതി. സംഭവത്തെ തുടര്‍ന്ന്  ഒളിവില്‍പോയ ഭര്‍ത്താവിനെ കണ്ടെത്തി സത്യാവസ്ഥ പുറത്ത് കൊണ്ട് വരണമെന്നാണ് യുവതിയുടെ കുടുംബത്തിന്‍റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ കോഴിക്കോട് പൊലീസ് കമ്മീഷണറെ കണ്ടു.

നവംബർ പതിനൊന്നിനാണ് കീഴരിയൂർ സ്വദേശി നിജിനയുടേയും എട്ട് മാസം പ്രായമുള്ള മകന്‍റേയും മൃതദേഹം ഭർതൃവീട്ടിലെ കിണറിൽ കണ്ടെത്തിയത്. സ്ത്രീധനത്തിന്‍റെ പേരിൽ നിജിനയെ ഭർതൃമാതാവ് നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും മരണത്തിൽ ദുരൂഹത ഉണ്ടെന്നും കാണിച്ച് യുവതിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും ഒളിവിൽ കഴിയുന്ന ഭർത്താവ് രഖിലേഷിനേയോ രക്ഷിതാക്കളേയോ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

കേസിൽ അന്വേഷണം നടക്കുകയാണന്നും ഒളിവിൽ കഴിയുന്ന രഖിലേഷിനേയും മാതാപിതാക്കളേയും ഉടൻ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നുമാണ് കേസ് അന്വേഷിക്കുന്ന കോഴിക്കോട് നോർത്ത് എസിപിയുടെ വിശദീകരണം.