വയനാട്: വയനാട് മുട്ടിൽ മുസ്ലീം ഓർഫനേജ് ഹയർ സെക്കൻഡറി സ്‌കൂളിലെ ശുചിമുറിയില്‍ പ്ലസ്‌ടു വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടില്‍ പറയുന്നു. വിദ്യാർത്ഥിനി ഷാളുപയോഗിച്ച് തൂങ്ങിമരിച്ചതാകാമെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്‌.

ആത്മഹത്യയിലേക്ക് നയിച്ച കാരണമറിയാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ കമ്പളക്കാട് സ്വദേശി ഫാത്തിമ നസീലയെയാണ് ശുചിമുറിക്കുള്ളില്‍ മരിച്ച നിലയില്‍കണ്ടെത്തിയത്. സ്കൂളിലെ അടച്ചിട്ട ശുചിമുറിക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കല്‍പറ്റ ജനറല്‍ ഹോസ്പിറ്റലിലെത്തിച്ച മൃതദേഹം പിന്നീട് പോസ്റ്റ്മോർട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍കോളേജിലേക്ക് മാറ്റിയിരുന്നു.

ശ്വാസം മുട്ടി മരിച്ചതാണെന്നാണ് മെഡിക്കല്‍കോളേജ് അധികൃതർ പൊലീസിനെ അറിയിച്ചത്. വിദ്യാർത്ഥിനി തൂങ്ങി മരിച്ചതാകാമെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്‌. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കുട്ടി തനിച്ചാണ് ശുചിമുറിയിലേക്ക് കയറിപ്പോയതെന്ന് കണ്ടെത്തിയിരുന്നു. ധരിച്ചിരുന്ന ഷാള്‍ ഉപയോഗിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യയിലേക്ക് നയിച്ച കാരണം കണ്ടെത്താന്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.