തിരുവനന്തപുരം: വിദ്യാഭ്യാസ തട്ടിപ്പിനിരയായെന്ന് പരാതി നൽകിയ തക്കല നുറൂൽ ഇസ്ലാം കോളെജിലെ വിദ്യാർത്ഥിക്കെതിരെ വധഭീഷണിയെന്ന് പരാതി. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കുട്ടികൾ എസ്പിക്ക് പരാതി നൽകിയിരിക്കുകയാണ്.

മെഡിക്കൽ കോഴ്സെന്ന പേരിൽ ബിഎസ്‍സി പെർഫ്യൂഷൻ ടെക്നോളജി, കാർഡിയാക് കെയർ ടെക്നോളജി, റെനൽ ഡയാലിസിസ് ടെക്നോളജി എന്നീ വിഭാഗങ്ങളിൽ പ്രവേശനം നൽകി പറ്റിച്ചെന്നാണ് പരാതി. രണ്ടാം വർഷ, മൂന്നാം വർഷ വിദ്യാർത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. കോളജ് അധികൃതരെ സമീപിച്ചപ്പോൾ പ്രശ്നപരിഹാരത്തിനായി സമയം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം പുറത്തുനിന്നുള്ള സംഘം ഹോസ്റ്റലിൽ എത്തി പണം വാഗ്ദാനം ചെയ്തെന്നും വഴങ്ങാതിരുന്നപ്പോൾ വധഭീഷണി മുഴക്കിയെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. വിദ്യാർത്ഥികൾക്ക് കോളജ് അധികൃതരിൽ നിന്ന് ഭീഷണി ഉണ്ടെന്നും പൊലീസ് സംരക്ഷണം നൽകണമെന്നും പരാതിയിൽ പറയുന്നു. വിദ്യാർത്ഥികൾ നേരിട്ടെത്തിയാണ് എസ്പിക്ക് പരാതി നൽകിയത്.