ഹൈദരാബാദ്: തെലങ്കാനയിൽ കുടിയേറ്റ ത്തൊഴിലാളി കുടുംബങ്ങളിലെ ഒമ്പത് പേരെ കൂട്ടക്കൊല ചെയ്തതെന്ന വിവരം ഞെട്ടലോടെയാണ് രാജ്യം കേട്ടത്. പ്രണയബന്ധം തകർന്നതിലുളള വൈരാഗ്യമാണ് കൊടും ക്രൂരകൃത്യത്തിന് പ്രേരണയെന്നാണ് പൊലീസ് പറയുന്നത്. ശീതളപാനീയത്തിൽ വിഷംകലർത്തിയായിരുന്നു കൊലപാതകം. മുഖ്യപ്രതി ബിഹാർ സ്വദേശി സഞ്ജയ് കുമാർ അറസ്റ്റിലാവുകയും ചെയ്തു.

ആത്മഹത്യയെന്ന നിഗമനത്തിൽ പൊലീസെത്തിയ കേസിലെ ദുരൂഹതയാണ് മറ നീങ്ങുന്നത്. വാറങ്കലിൽ കുടിയേറ്റ തൊഴിലാളി കുടുംബങ്ങളിലെ ഒമ്പത് പേരുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത് കഴിഞ്ഞ വ്യാഴം, വെളളി ദിവസങ്ങളിലായാണ് . ചണച്ചാക്ക് കമ്പനിയിലെ തൊഴിലാളി പശ്ചിമബംഗാൾ സ്വദേശി മുഹമ്മദ് മഖ്സൂദും ഭാര്യയും മക്കളും മകളുടെ കുഞ്ഞും ബിഹാർ, ത്രിപുര സ്വദേശികളായ മൂന്ന് യുവാക്കളുമാണ് മരിച്ചത്. 

കമ്പനി അടച്ചതിനാൽ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നവർ ജീവനൊടുക്കിയെന്നായിരുന്നു സംശയം. എന്നാൽ വിഷം ഉളളിൽ ചെന്നാണ് മരണമെന്ന് പോസ്റ്റ്മാർട്ടത്തിൽ വ്യക്തമായി. തുടർന്നാണ് കമ്പനിയിലെ മറ്റൊരു തൊഴിലാളിയായ ബിഹാർ സ്വദേശി സഞ്ജയ് കുമാറിന്‍റെ അറസ്റ്റ്. കൊല്ലപ്പെട്ട മഖ്സൂദിന്‍റെ മകൾ  ബുഷ്റയുമായി സഞ്ജയ് കുമാറിന് ബന്ധമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. 

ഈയിടെ ബന്ധം പിരിഞ്ഞു. മറ്റ് മൂന്ന് യുവാക്കൾ മഖ്സൂദിന്‍റെ കുടുംബവുമായി കൂടുതൽ അടുത്തു. ഇതോടെയാണ് മുഴുവൻ പേരെയും കൊല്ലാൻ സഞ്ജയ്  തീരുമാനിച്ചത്. വ്യഴാഴ്ച മഖ്സൂദിന്‍റെ മകന്‍റെ പിറന്നാളിന് വീട്ടിൽ നടന്ന വിരുന്നിൽവച്ച് ശീതളപാനീയത്തിൽ വിഷം കലർത്തി.  മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം സമീപത്തുളള കിണറ്റിൽ തളളി.  ബിഹാർ സ്വദേശികളായ രണ്ട് പേരും വാറങ്കലിലെ ഒരു യുവാവും സഞ്ജയ്ക്കൊപ്പമുണ്ടായിരുന്നു. ഇവരും അറസ്റ്റിലായിട്ടുണ്ട്.