ഇന്നലെ ലക്ഷ്മിഭായ് കോളേജിലേക്ക് പോകുംവഴിയാണ് വിദ്യാർത്ഥിനിയെ ബൈക്കിൽ എത്തിയ മൂവർസംഘം ആക്രമിക്കുന്നത്. പെൺകുട്ടിയുടെ മുഖത്തിനു നേരെ ആസിഡ് ഒഴിച്ചെങ്കിലും കൈകൊണ്ട് തടഞ്ഞതിനാൽ കൈക്ക് മാത്രമാണ് പരിക്കേറ്റത്.
ദില്ലി: ദില്ലിയിൽ പട്ടാപ്പകൽ വിദ്യാർഥിനിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച പ്രതികൾ ഇപ്പോഴും കാണാമറയത്ത്. മണിക്കൂറുകൾ കഴിഞ്ഞിട്ടും ദില്ലി പൊലീസിന് പ്രതികളെവിടെയെന്ന് ഒരു സൂചനയും ഇല്ല. പ്രതികളിൽ ഒരാളായ
ജിതേന്ദർ ഒന്നര വർഷമായി പെൺകുട്ടിയെ ശല്യപ്പെടുത്തിയിരുന്നു. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ദില്ലി സർവ്വകലാശാലയിൽ പട്ടാപ്പകൽ ഉണ്ടായ ആക്രമണത്തിൽ പൊലീസ് ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്. പ്രതികളെ കുറിച്ച് കൃത്യമായ വിവരങ്ങൾ ഉണ്ടായിട്ടും ഇവരെ പിടികൂടാനായിട്ടില്ല.
ഇന്നലെ ലക്ഷ്മിഭായ് കോളേജിലേക്ക് പോകുംവഴിയാണ് വിദ്യാർത്ഥിനിയെ ബൈക്കിൽ എത്തിയ മൂവർസംഘം ആക്രമിക്കുന്നത്. പെൺകുട്ടിയുടെ മുഖത്തിനു നേരെ ആസിഡ് ഒഴിച്ചെങ്കിലും കൈകൊണ്ട് തടഞ്ഞതിനാൽ കൈക്ക് മാത്രമാണ് പരിക്കേറ്റത്. പെൺകുട്ടി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ഒന്നരവർഷമായി പ്രതികളിൽ ഒരാളായ ജിതേന്ദർ പെൺകുട്ടിയെ ശല്യപ്പെടുത്തിയിരുന്നതായി സഹോദരൻ പറഞ്ഞു. ജിതേന്ദറിന്റെ ഭാര്യയോടടക്കം പെൺകുട്ടി ഇക്കാര്യം പറഞ്ഞിരുന്നതായും സഹോദരൻ വ്യക്തമാക്കി.
ഇതിന്റെ വൈരാഗ്യത്തിൽ ആകാം ആക്രമണം എന്നാണ് പൊലീസ് നിഗമനം. അർമാൻ, ഇഷാൻ എന്നിവരാണ് ഒപ്പം ബൈക്കിലെത്തിയ മറ്റു രണ്ടു പേർ. ഒളിവിൽ പോയ മൂന്നു പേരെയും കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. സംഭവത്തിൽ ദേശീയ വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തു. 5 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ദില്ലി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി. പ്രതികളെ ഉടൻ പിടികൂടണമെന്നും പെൺകുട്ടിക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഇതിനിടെ ആക്രമണത്തിനിരയായ പെൺകുട്ടിയുടെ പിതാവ് പ്രതി ജിതേന്ദറിന്റെ ഭാര്യയെ ശല്യപ്പെടുത്തിയിരുന്നതായി വാർത്തകൾ വന്നു. ഇയാൾ തന്നെ ഉപദ്രവിച്ചതായും ഫോണിൽ അശ്ലീല സന്ദേശങ്ങൾ അയച്ചതായും ജിതേന്ദറിന്റെ ഭാര്യ ആരോപിച്ചതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ പൊലീസ് ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.



