ദില്ലി: കൂട്ട ബലാത്സംഗം ചെയ്ത പെണ്‍കുട്ടിയെ വെടിവെച്ച് കൊല്ലാന്‍ പ്രതികളില്‍ ഒരാളുടെ ശ്രമം. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. മജിസ്‌ട്രേറ്റിന് മൊഴി നല്‍കാനായി കോടതിയിലെത്തി മടങ്ങവെയാണ് പെണ്‍കുട്ടിയെ പ്രതികളില്‍ ഒരാള്‍ വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പിടിയിലായ പ്രതിയില്‍ നിന്നും ഡബിള്‍ബാരല്‍ തോക്കും പോലീസ് കണ്ടെടുത്തു.  നേരത്തെ പിടിയിലായ പ്രതിയും കൂട്ടാളികളും ചേര്‍ന്നാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ ജന്മദിനാഘോഷത്തിന് എന്ന് പറഞ്ഞ് പ്രതി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. 

എന്നാല്‍ ഫ്ലാറ്റില്‍ എത്തിയതോടെ പെണ്‍കുട്ടിയെ പ്രതിയും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. തോക്കിന്‍ മുനയില്‍ നിര്‍ത്തിയായിരുന്നു പീഡനം. സംഭവത്തിന് ശേഷം പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതോടെ പ്രതികള്‍ക്കായി പോലീസ് തിരച്ചിലും ശക്തമാക്കിയിരുന്നു. പ്രതിയായ കാസിം എന്ന രെജി അഹമ്മദ് നേരത്തെയും വെടിവെയ്പ് കേസില്‍ പ്രതിയാണ്. 

ആയുധ നിയമപ്രകാരം ഇയാളെ അറസ്റ്റ് ചെയ്തു. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി പെണ്‍കുട്ടിയുടെ സുഹൃത്തുക്കളുമായി സൗഹൃദത്തിലായി. തുടര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് വരാന്‍ ഇയാളാണ് നിര്‍ബന്ധിച്ചത്. ജൂലൈ 26ന് പെണ്‍കുട്ടിയെ സുഹൃത്ത് ജന്മദിനാഘോഷത്തിന് ക്ഷണിച്ചു. പെണ്‍കുട്ടിയെ സുഹൃത്ത് ഫ്ലാറ്റില്‍ എത്തിച്ചു. ഈ സമയം കാസിമും മറ്റുള്ളവരും എത്തിയിരുന്നു. ഇവിടെവെച്ച് പെണ്‍കുട്ടിയെ തോക്ക് കാട്ടി ഭയപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. 

ശബ്ദമുണ്ടാക്കാന്‍ പെണ്‍കുട്ടി ശ്രമിച്ചപ്പോള്‍ കുട്ടിയെയും കുടുംബത്തെയും കൊന്നു കളയുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തി.  സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം കാസിമിനും സുഹൃത്തുക്കള്‍ക്കുമെതിരെ പെണ്‍കുട്ടി പരാതി നല്‍കി. പരാതിയില്‍ പോലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുകയും പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. ഇതിനിടെയാണ് പ്രതിയായ കാസിം ഇരയായ പെണ്‍കുട്ടിയെ വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.