ദില്ലി: 33 വര്‍ഷം മുമ്പ് സ്വന്തം അമ്മയെ കൊലപ്പെടുത്തിയ 60കാരന്‍ മകനെയും വെടിവെച്ച് കൊന്നു. ദില്ലിയിലെ രോഹിണി ഏരിയയിലാണ് സംഭവം. വാക്കുതര്‍ക്കത്തിനൊടുവില്‍ ഇയാള്‍ മകനെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. ദില്ലിയിലെ വസ്തുക്കച്ചവടക്കാരനായ ഓംപാല്‍ എന്നയാളാണ് അഞ്ച് മക്കളില്‍ ഒരാളെ കൊലപ്പെടുത്തിയത്. മദ്യപിച്ച് വീട്ടിലെത്തിയ ഓംപാല്‍ ഭാര്യയെ വഴക്കുപറഞ്ഞത് ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. മദ്യപിച്ച് വീട്ടിലേക്ക് വരരുതെന്ന് ഭാര്യ പറഞ്ഞതും ഇയാളെ പ്രകോപിപ്പിച്ചു.

വഴക്കിനിടെ അകത്തേക്ക് കയറിപ്പോയ ഇയാള്‍ തോക്കുമായി തിരികെയെത്തി മകന് നേരെ വെടിയുതിര്‍ത്തു. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. 1987ലാണ് മദ്യപിക്കുന്നതിന് എതിര്‍ത്ത അമ്മയെ ഇയാള്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. അമ്മയെ കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. ഇയാളുടെ തോക്ക് പിടിച്ചെടുത്തിട്ടുണ്ട്.