ദില്ലി: സൈനിക ഉദ്യോഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തി തട്ടിപ്പുനടത്തി വന്ന 28 കാരനെ കയ്യോടെ പിടികൂടി ദില്ലി പൊലീസ്. സുനില്‍ കുമാര്‍ ദുബെയെന്നയാളാണ് അറസ്റ്റിലായത്. എടിഎമ്മില്‍ നിന്ന് പണം എടുക്കാന്‍ അറിയാത്തവരെ സഹായിക്കാനെന്ന വ്യാജേന നമ്പറുകള്‍ മനസ്സിലാക്കുകകയും പിന്നീട് ഇവരറിയാതെ പണം തട്ടുകയുമായിരുന്നു ഇയാള്‍. 

പണം തട്ടിയെടുക്കാന്‍ ഉദ്ദേശിക്കുന്ന ആളുകളെ വിശ്വസിപ്പിക്കാന്‍ സൈന്യത്തിന്റെ വ്യാജ ഐഡി കാര്‍ഡും ഇയാള്‍ കയ്യില്‍ കരുതും. ദില്ലി ഹസ്രത്ത് നിസാമുദ്ദീന്‍ റെയില്‍വെ സ്റ്റേഷനിലെ എടിഎം കൗണ്ടറിനുള്ളില്‍ വച്ച് രണ്ടുപേര്‍ തമ്മിലുള്ള വാക്കുതര്‍ക്കം ശ്രദ്ധയില്‍പ്പെട്ട പൊലീസ് സംഘം ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 

ഇരുവരുടെയും പെരുമാറ്റത്തില്‍ പന്തികേടുതോന്നിയ പൊലീസ് തര്‍ക്കത്തിന്റെ കാരണം അന്വേഷിച്ചു. ഇതോടെ അസ്ലം എന്നയാള്‍ ദുബെയ്‌ക്കെതിരെ ആരോപണവുമായെത്തി. സംഭവത്തില്‍ സംശയം തോന്നിയ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. ഇയാളില്‍ നിന്ന് വ്യാജ ഐഡി കാര്‍ഡ് പൊലീസ് പിടിച്ചെടുത്തു. കുറ്റം സമ്മതിച്ച ദുബെയെ പൊലീസ് റെയില്‍വെ സ്റ്റേഷനില്‍ നിന്നുതന്നെ അറസ്റ്റ് ചെയ്തു. അസ്ലമിന്റെ പരാതിയില്‍ കേസെടുത്തിട്ടുണ്ട്.