ദില്ലി: ഹെഡ്ഫോണിന്റെ വിലയെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ വടക്കൻ ദില്ലിയിൽ വഴിവാണിഭക്കാരായ രണ്ട് പേർ ചേർന്ന് മദ്രസ അദ്ധ്യാപകനെ തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ ഷാംലി ജില്ലക്കാരനായ മൊഹമ്മദ് ഒവൈസ്(27) ആണ് കൊല്ലപ്പെട്ടത്. ഗ്രേറ്റർ നോയിഡയിലെ മദ്രസയിൽ അദ്ധ്യാപകനായിരുന്നു.

തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ ഓൾഡ് ദില്ലി റെയിൽവെ സ്റ്റേഷന്റെ കവാടത്തിന് സമീപം ഒരാൾ ബോധമില്ലാതെ കിടക്കുന്നതായി കോട്‌വാലി പൊലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചു. പൊലീസെത്തി ഇയാളെ അരുണ അസഫ് അലി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പ്രാഥമികാന്വേഷണത്തിൽ ഒവൈസും വഴിവാണിഭക്കാരനായ ലല്ലനും അദ്ദേഹത്തിന്റെ സഹായി അയൂബും തമ്മിൽ തർക്കം ഉണ്ടായതായി മനസിലായി. ലല്ലനെയും അയൂബിനെയും പൊലീസ് അറസ്റ്റ് ചെയ്തു.  മനപ്പൂർവ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്.

പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകി. എന്നാൽ കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് കുടുംബം ആരോപിച്ചതോടെ കേസ് വിശദമായി അന്വേഷിക്കാനിരിക്കുകയാണ് പൊലീസ്.