ദില്ലി: അറുപതുകാരന്‍റെ പീഡനത്തിനിരയായ കൌമരക്കാരി വീട്ടിന്‍റെ ടെറസില്‍ പ്രസവിച്ചു. വടക്കന്‍ ദില്ലിയിലാണ് സംഭവം നടന്നത്. ഇവിടെ ഒരു തെരുവില്‍ കടയ്ക്ക് മുന്നില്‍ നവജാത ശിശുവിനെ കണ്ടതായി ഒരു അജ്ഞാതന്‍ പോലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്.

സംഭവ സ്ഥലത്ത് എത്തിയ പൊലീസ് കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന്  സമീപസ്ഥലങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും കാര്യമായ തെളിവൊന്നും ലഭിച്ചില്ല. പിന്നീടാണ് സമീപത്തെ കടയിലെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചത്. ഇതിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ആണ് കുഞ്ഞിനെ ഉപേക്ഷിച്ച 16 കാരിയെ കണ്ടെത്തിയത്. 

ഇവര്‍ പൊലീസിനോട് പറഞ്ഞത് ഇങ്ങനെ, എട്ട് മാസം മുമ്പ് 60കാരന്‍റെ പീഡനത്തിന് ഇരയായി. വീട്ടുകാരെ ഭയന്ന് ഇക്കാര്യം മറച്ചു വെയ്ക്കുകയായിരുന്നു. വീടിന്റെ ടെറസില്‍ പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. 

തുടര്‍ന്ന് കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് വീടിന് സമീപമുള്ള കടയ്ക്ക് സമീപം ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു. കടയുടമയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. വീട്ടുജോലി ചെയ്താണ് പെണ്‍കുട്ടിയും അമ്മയും കഴിഞ്ഞിരുന്നതെന്നും പൊലീസ് പറയുന്നു. 60കാരനെ പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ട്.