കുഞ്ഞിന്‍റെ വളര്‍ച്ച പരിശോധിക്കാനാണെന്ന വ്യാജേനയാണ് യുവതി കുുട്ടിയുമായി കടന്നത്. കുട്ടിയെ കാണാതെ അമ്മ വിവരം അറിയിച്ചപ്പോഴാണ് സംഭവം ബന്ധുക്കളും അറിയുന്നത്.

ദില്ലി: നരബലി നടത്താനായി രണ്ട് മാസം പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലിയിലെ ഗാർഹി മേഖലയില്‍ ആണ് സംഭവം. വ്യാഴാഴ്ചയാണ് രണ്ട് മാസം പ്രായമുള്ള ആണ്‍കുട്ടിയെ വീട്ടില്‍ നിന്നും കാണാതായത്. രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുമായി 25 കാരിയായ യുവതി പിടിയിലായത്.

അമര്‍ കോളനി കോട്ല മുബാറക്പൂര്‍ പ്രദേശത്ത് വെച്ച് ശ്വേത എന്ന സ്ത്രീയില്‍ നിന്നാണ് കുട്ടിയെ കണ്ടെടുത്തത്. പൊലീസിന്‍റെ ചോദ്യം ചെയ്യലിലാണ് കുട്ടിയെ നരബലി കൊടുക്കാനായി തട്ടിക്കൊണ്ടുപോയതാണെന്ന് യുവതി വെളിപ്പെടുത്തിയത്. സഫ്ദർജംഗ് ആശുപത്രിയിൽ നിന്നാണ് യുവതി കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ആശുപത്രിയിലെത്തിയ യുവതി എന്‍ജിഒയിലെ അംഗമാണെന്ന് പരിചയപ്പെടുത്തി കുടുംബത്തെ പരിചയപ്പെട്ടു. കുഞ്ഞിന്‍റെ വളര്‍ച്ച പരിശോധിക്കാനാണെന്ന വ്യാജേനയാണ് യുവതി കുുട്ടിയുമായി കടന്നത്. കുട്ടിയെ കാണാതെ അമ്മ വിവരം അറിയിച്ചപ്പോഴാണ് സംഭവം ബന്ധുക്കളും അറിയുന്നത്.

തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. നവജാതശിശുവിനെ ബലിയർപ്പിച്ചാൽ മരിച്ചുപോയ പിതാവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാമെന്ന അന്ധവിശ്വാസത്തിലാണ് പ്രതി കുട്ടിയെ തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞുമായി യുവതി പിടിയിലായത്. തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ 24 മണിക്കൂറിനകമാണ് പൊലീസ് പിടികൂടിയത്. 

Read More : മഹാരാഷ്ട്രയിൽ 2000 ന്റെ 400 കെട്ട് കള്ളനോട്ടുകൾ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ