ഛത്തീസ്​ഗഡ്: സഹോദരിയുടെ വിവാഹത്തിന് അവധി നൽകാത്തതിൽ മനംനൊന്ത് ഹരിയാനയിലെ രോഹ്തക്കിൽ യുവഡോക്ടർ ആത്മഹത്യ ചെയ്തു.  ഡോക്ടര്‍ ഓങ്കാറാണ് രോഹ്തക്കിലെ പിജിഐഎംഎസ് (പോസ്റ്റ് ​ഗ്രാജുവേറ്റ്  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്) ആശുപത്രി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയത്. പീഡിയാട്രിക്‌സില്‍ എം.ഡി ചെയ്യുകയായിരുന്നു കര്‍ണാടക സ്വദേശിയായ ഓങ്കാര്‍.

കഴിഞ്ഞ ദിവസമായിരുന്നു ഓങ്കാറിന്റെ സഹോദരിയുടെ വിവാഹം. ഇതിൽ പങ്കെടുക്കാൻ ഡിപ്പാർട്ട്മെന്റ് മേധാവിയോട് അവധി ആവശ്യപ്പെട്ടുവെങ്കിലും അനുവദിക്കാത്തതിരുന്നതാണ് ഓങ്കാറിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. സഹോദരിയ്ക്ക് വിവാഹ സമ്മാനമായി വാങ്ങിയ ദുപ്പട്ടയിൽ ഹോസ്റ്റൽ മുറിയിലെ ഫാനിൽ ഓങ്കാര്‍ കെട്ടിത്തൂങ്ങുകയായിരുന്നു.

അതേസമയം ഡിപ്പാർട്ട്മെന്റ് മേധാവി വിവിധ കാര്യങ്ങൾ പറഞ്ഞ് ഓങ്കാറിനെ നിരന്തരം മാനസികമായി പീഡിപ്പിക്കുമായിരുന്നുവെന്ന് സഹപ്രവർത്തകരും കുടുംബാം​ഗങ്ങളും ആരോപിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മേധാവിക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓങ്കാറിന്റെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങുന്ന സഹപ്രവര്‍ത്തകര്‍  ഡിപ്പാർട്ട്മെന്റ് ‍മേധാവിയെ 
എത്രയും വേ​ഗം പുറത്താക്കണമെന്നും ആവശ്യപ്പെട്ടു.