Asianet News MalayalamAsianet News Malayalam

ബസ്സിൽ യാത്രക്കാർക്ക് ക്രൂരമർദനം: കമ്പനി ഉടമയെ വിളിച്ചുവരുത്താന്‍ ഡിജിപിയുടെ നിര്‍ദേശം

സംഭവത്തില്‍ കമ്പനി മനേജരടക്കം മൂന്ന് പേർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് ഡിജിപി വിശദമാക്കി

dgp directs owner of suresh kallada travels in the incident of attacking passengers
Author
Thiruvananthapuram, First Published Apr 22, 2019, 12:56 PM IST

തിരുവനന്തപുരം: സുരേഷ് കല്ലട ബസ്സില്‍ യാത്രക്കാര്‍ക്ക് ക്രൂരമര്‍ദ്ദനം നേരിട്ട സംഭവത്തില്‍ കമ്പനി ഉടമയെ വിളിച്ചുവരുത്താന്‍ ഡിജിപിയുടെ നിര്‍ദേശം. കല്ലട ബസിൽ അക്രമം ഉണ്ടായ സംഭവം ആസൂത്രിതമായ മർദ്ദനം ആണോ എന്ന് അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ നേരത്തെ വിശദമാക്കിയിരുന്നു. സംഭവത്തില്‍ കമ്പനി മനേജരടക്കം മൂന്ന് പേർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് ഡിജിപി വ്യക്തമാക്കിയിരുന്നു. 

കഴിഞ്ഞ ദിവസം രാത്രി ഹരിപ്പാട് പിന്നിട്ട ബസ് തകരാറായി വഴിയിൽ കിടന്നിരുന്നു. ദീർഘനേരം കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച് യാത്രക്കാർക്ക് ബസ് ജീവനക്കാർ യാതൊരു മറുപടിയും നൽകിയില്ല. യാത്രക്കാരായ രണ്ട് യുവാക്കൾ ഇത് ചോദ്യം ചെയ്തിരുന്നു. ബസ് പിന്നീട് വൈറ്റിലയിലെത്തിയപ്പോൾ കൂടുതൽ ബസ് ജീവനക്കാർ ബസിലേക്ക് ഇരച്ച് കയറുകയും യുവാക്കളെ മർദ്ദിക്കുകയുമായിരുന്നു. ബസിലെ യാത്രക്കാരനായ ജേക്കബ് ഫിലിപ്പ് തന്റെ ഫോണിൽ ഈ വീഡിയോ ദൃശ്യം പകർത്തുകയും പിന്നീട് ഫെയ്സ്ബുക്കിൽ പങ്കുവച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. 

വൈറ്റിലയിൽ വച്ച് മർദ്ദിച്ചവശരാക്കിയ ശേഷം യുവാക്കളെയും അജയ് ഘോഷ് എന്ന മറ്റൊരാളെയും ഇവർ ഇറക്കിവിട്ടു. മർദ്ദനമേറ്റത് പാലക്കാട് സ്വദേശിക്കും വയനാട് സുൽത്താൻ ബത്തേരി സ്വദേശിക്കുമാണ്. ഇരുവരും ഈറോഡ് പഠിക്കുന്ന വിദ്യാർത്ഥികളാണ്. അതേസമയം യുവാക്കളാണ് ആദ്യം പ്രശ്നം ഉണ്ടാക്കിയതെന്നാണ് സുരേഷ് കല്ലട ബസ് ജീവനക്കാരുടെ ആരോപണം. യുവാക്കൾ മദ്യപിച്ചിരുന്നതായി സംശയിക്കുന്നുവെന്ന് സുരേഷ് കല്ലട ബസിന്റെ തിരുവനന്തപുരത്തെ മാനേജർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പ്രതികരിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios