കോഴിക്കോട്: കോഴിക്കോട് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ വൃദ്ധന്‍ കുത്തേറ്റ് മരിച്ചു. സംഭവത്തില്‍ വളയം സ്വദേശിയായ പ്രബിന്‍ ദാസിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

തമിഴ്നാട് സ്വദേശിയായ നാടോടി വൃദ്ധനാണ് പട്ടാപ്പകല്‍ കുത്തേറ്റ് മരിച്ചത്. പ്ലസ് ടു വരെ പഠിച്ച പ്രബിന്‍ ദാസ് ജോലിയൊന്നും ലഭിക്കാത്തതില്‍ അസ്വസ്ഥനായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതിന് മുമ്പ് രണ്ട് തവണ ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മരിച്ച തമിഴ്നാട് സ്വദേശിയുടെ പേരും മറ്റ് വിവരങ്ങളും ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

താനൊരാളെ കുത്തിയെന്ന് പ്രബിന്‍ദാസ് തന്നെയാണ് സ്റ്റേഷനിലെത്തി പറഞ്ഞത്. പൊലീസുകാർ റോഡിലിറങ്ങി നോക്കിയപ്പോൾ കഴുത്തിൽ കുത്തുകൊണ്ട് ഒരാൾ വരുന്നതാണ് കണ്ടത്. ഇയാളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ജയിലിൽ പോകാനായി കൊലപെടുത്തിയെന്നാണ് പ്രബിന്‍ പൊലിസുകാരോട് പറഞ്ഞതായാണ് വിവരം.