കൊല്ലം: കൊല്ലം അറയ്ക്കല്‍ വില്ലേജ് ഓഫീസിന് മുന്നില്‍ ഭിന്നശേഷിക്കാരനായ യുവാവിന്‍റെ ആത്മഹത്യാ ഭീഷണി. ഇടമുളയ്ക്കല്‍ സ്വദേശിയായ വര്‍ഗീസാണ് പഞ്ചായത്ത് വീട് അനുവദിക്കാത്തതിനെതിരെ പ്രതിഷേധിച്ചത്. അതേസമയം വീട് അനുവദിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്നും അര്‍ഹമായ പരിഗണന നല്‍കുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് പ്രതികരിച്ചു. 

2017ലുണ്ടായ അപകടത്തില്‍ വര്‍ഗീസിന്‍റെ കാഴ്ചയും ഇടതുകാലിന്‍റെയും ഇടതുകയ്യുടെയും സ്വാധീനവും നഷ്ടമായിരുന്നു. ഇതിനുശേഷം കുടുംബം ഉപേക്ഷിച്ചതിനാല്‍ കിടക്കാനിടമില്ലെന്നാണ് വര്‍ഗീസ് പറയുന്നത്. കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ഇടമുളയ്ക്കല്‍ പഞ്ചായത്തിനെ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല. 

ഇതില്‍ പ്രതിഷേധിച്ചാണ് വില്ലേജ് ഓഫീസിനുമുന്നില്‍ ഉറക്കഗുളികകളുമായെത്തി വര്‍ഗീസ് ആത്മഹത്യാഭീഷണി മുഴക്കിയത്. അതേസമയം വര്‍ഗീസിന്‍റെ ആരോപണം ഇടമുളയ്ക്കല്‍ പഞ്ചായത്ത് തള്ളി. വര്‍ഗീസിനെ അനുനയിപ്പിച്ച പൊലീസ് ഇയാളെ പിന്നീട് സ്റ്റേഷനിലേക്ക് മാറ്റി