ജയ്‌പുർ: രാജസ്ഥാനിൽ ക്രൂര പീഡനത്തിന് ഇരയായ ഭിന്നശേഷിയുള്ള പെൺകുട്ടി മരിച്ചു. ബീഹാർ സ്വദേശിനിയായ 15കാരിയാണ് രാജസ്ഥാനിലെ ദൗസയിൽ പീഡിപ്പിക്കപ്പെട്ടത്. ജയ്‌പുരിൽ ചികിത്സയിലിരിക്കെ ഇന്നാണ് മരണം സംഭവിച്ചത്.

സ്വന്തമായി നടക്കാൻ സാധിക്കാത്ത പെൺകുട്ടിയെ കഴിഞ്ഞ മാസം ദൗസയിലെ പ്രശസ്തമായ ഹനുമാൻ ക്ഷേത്രത്തിൽ പ്രാർത്ഥനയ്ക്കാണ് അച്ഛൻ എത്തിച്ചത്. ഈ ക്ഷേത്രത്തിൽ പ്രാർത്ഥിച്ചാൽ പെൺകുട്ടി സ്വാഭാവിക ജീവിതത്തിലേക്ക് വരുമെന്നാണ് കുടുംബം പ്രതീക്ഷിച്ചത്.

എന്നാൽ ഒരു ചെറുപ്പക്കാരൻ ഈ കുടുംബത്തോട് ദൗസയിൽ വച്ച് സൗഹൃദം സ്ഥാപിക്കുകയും ഇവർക്കൊപ്പം ചേരുകയുമായിരുന്നു. ജൂലൈ 24 നാണ് കുടുംബം ദൗസയിലെത്തിയത്. 27 ന് പെൺകുട്ടി സുഖമില്ലാതാവുകയും തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. 

ഇവിടെ നിന്നും പെൺകുട്ടിയെ ജയ്‌പൂരിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ചാണ് പെൺകുട്ടി ക്രൂരപീഡനത്തിന് ഇരയായെന്ന് വ്യക്തമായത്. അന്ന് തന്നെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. 

പ്രതിക്കായി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം പ്രതിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് കുടുംബം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബീഹാറിലെ സ്വന്തം ഗ്രാമത്തിലേക്ക് കൊണ്ടുപോയി.