Asianet News MalayalamAsianet News Malayalam

8 ലക്ഷത്തിന്‍റെ ദിര്‍ഹം, 5 ലക്ഷം തന്നാല്‍ മതിയെന്ന് വാഗ്ദാനം; തട്ടിപ്പിനിരയായി ഓട്ടോ ഡ്രൈവര്‍

ഹനീഫയെ ആദ്യം ഇതര സംസ്ഥാനക്കാരായ രണ്ടു പേര്‍ വന്ന് പരിചയപ്പെടുകയായിരുന്നു. കയ്യിലുളള ദിര്‍ഹം മാറ്റിക്കിട്ടാന്‍ പിന്നീട് സഹായം തേടി. എട്ട് ലക്ഷത്തി‍ന് തുല്യമായ ദിര്‍ഹം തരാമെന്നും അഞ്ച് ലക്ഷം രൂപ തിരിച്ച് തന്നാല്‍ മതിയെന്നുമായിരുന്നു വാഗ്ദാനം

dirham fraud in kasargod
Author
Kasaragod, First Published Sep 11, 2021, 12:55 AM IST

കാസര്‍കോട്: കാസര്‍കോട് കാടങ്കോട് ദിര്‍ഹം മാറാനെന്ന പേരില്‍ എത്തിയ സംഘം അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു. ഓട്ടോറിക്ഷാ ഡ്രൈവറായ പി ഹനീഫയ്ക്കാണ് പണം നഷ്ടമായത്. സംഭവത്തില്‍ ഇതര സംസ്ഥാനക്കാരായ രണ്ട് പേർ പൊലീസ് പിടിയിലായി. ഓട്ടോറിക്ഷ ഡ്രൈവറായ ഹനീഫയെ ആദ്യം ഇതര സംസ്ഥാനക്കാരായ രണ്ടു പേര്‍ വന്ന് പരിചയപ്പെടുകയായിരുന്നു. കയ്യിലുളള ദിര്‍ഹം മാറ്റിക്കിട്ടാന്‍ പിന്നീട് സഹായം തേടി.

എട്ട് ലക്ഷത്തി‍ന് തുല്യമായ ദിര്‍ഹം തരാമെന്നും അഞ്ച് ലക്ഷം രൂപ തിരിച്ച് തന്നാല്‍ മതിയെന്നുമായിരുന്നു വാഗ്ദാനം. കയ്യില്‍ അത്രയും കാശില്ലാതിരുന്ന ഹനീഫ, ഭാര്യയുടെ സ്വര്‍ണ്ണം അടക്കമുള്ളവ വില്‍പ്പന നടത്തി അഞ്ച് ലക്ഷം ഒപ്പിച്ചു. തൃക്കരിപ്പൂരില്‍ പറഞ്ഞുറപ്പിച്ച സ്ഥലത്ത് ഹനീഫ ഭാര്യയോടൊപ്പം എത്തിയപ്പോള്‍ അഞ്ച് ലക്ഷം രൂപ വാങ്ങിയ സംഘം തുണിയില്‍ പൊതിഞ്ഞ എട്ട് ലക്ഷം രൂപയ്ക്ക് സമാനമായ ദിര്‍ഹം കൈമാറുകയും ചെയ്തു. തുറന്ന് നോക്കിയപ്പോള്‍ ദിര്‍ഹമല്ല, കടലാസുകള്‍ മുറിച്ചെടുത്ത് അടുക്കി വച്ച കെട്ടുകള്‍ മാത്രമായിരുന്നു ഉള്ളത്.

ചന്ദേര പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേർ പിടിയിലായത്. ജാര്‍ഖണ്ഡ് സ്വദേശി ഫാറൂഖ് ശൈഖ് , വെസ്റ്റ് ബംഗാൾ സ്വദേശി ജുവൽ അലി എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലെ ഒരാൾ കൂടി പിടിയിലാകാനുണ്ട്. ഹനീഫയില്‍ നിന്ന് തട്ടിയെടുത്ത പണത്തില്‍ മൂന്നര ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ബാക്കിയുള്ള കാശ് എവിടെ എന്നത് സംബന്ധിച്ച് മൂന്നാമൻ പിടിയിലാക്കുന്നതോടെ വ്യക്തത വരുമെന്നാണ് പൊലീസ് കരുതുന്നത്. വര്‍ഷങ്ങളായി പയ്യന്നൂര്‍ പെരുമ്പയിലെ വാടക വീട് കേന്ദ്രീകരിച്ചുള്ള വ്യാപാരം മറയാക്കി തട്ടിപ്പ് നടത്തുന്ന സംഘമാണിതെന്നാണ് വിവരം. സമാന രീതിയിലുള്ള തട്ടിപ്പുകളില്‍ കണ്ണൂര്‍, കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനുകളില്‍ ഈ സംഘത്തില്‍പ്പെട്ടവര്‍ക്കെതിരെ കേസുണ്ട്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios