കൊല്ലം: വഴിതർക്കത്തെ തുടർന്ന് ഉണ്ടായ അടിപിടിയില്‍ ഗുരുതരമായി പരിക്ക് പറ്റിയ യുവാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. മരുതംപള്ളി സ്വദേശി ഉണ്ണിക്കാണ് ഗുരുതരമായി പരിക്ക് പറ്റിയത്. ഇന്ന് രാവിലെ ഒൻപതര മണിയോടെ മരുതംപള്ളിയിലാണ് സംഭവം. കഴിഞ്ഞ രണ്ട് വർഷമായി വെട്ടേറ്റ ഉണ്ണിയും അയല്‍വാസിയും ബന്ധുവുമായ സേതുവും തമ്മില്‍ വഴിയെ ചൊല്ലിയുള്ള തർക്കം ഉണ്ടായിരുന്നു. ഉണ്ണി അന്യായമായി പുരയിടം കയ്യേറിയതിനെ ചൊല്ലി നേരത്തെ പലപ്രാവശ്യവും വാക്കേറ്റവും അടിപിടിയും ഉണ്ടായിടുണ്ട്. 

ഇതിനിടയില്‍ ഉണ്ണി ഗുണ്ടകളെ ഉപയോഗിച്ച് സേതുവിനെ വിരട്ടിയതോടെയാണ് പ്രശ്നങ്ങള്‍ രൂക്ഷമായത്. ഇന്ന് രാവിലെ വീണ്ടും വഴിയെ ചൊല്ലി തർക്കം ഉണ്ടായി. തുടർന്ന് സേതു ഉണ്ണിയെ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. രണ്ട് കൈവിരലുകള്‍ വെട്ടിമാറ്റിയ നിലയിലാണ്. പൊലീസ് എത്തിയാണ് ഉണ്ണിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഉണ്ണി ഇപ്പോള്‍ കൊല്ലത്തെ ഒരു സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സേതുവിനെ സംഭവസ്ഥലത്ത് നിന്നും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.