കൊച്ചി: മുനമ്പത്തെ ഹോംസ്റ്റേയിൽ നിന്നും പിടികൂടിയ ഗുണ്ടാ സംഘത്തെ കൂടുതൽ ദിവസം പൊലീസ് കസ്റ്റഡിയിൽ നൽകാതിരുന്ന ഞാറയ്ക്കൽ മജിസ്ട്രേട്ടിന്റെ ഉത്തരവ് ജില്ലാ സെഷൻസ് കോടതി റദ്ദാക്കി. ചോദ്യം ചെയ്യാനായി ഇവരെ  വെള്ളിയാഴ്ച വരെ പൊലീസ്  കസ്റ്റഡിയിൽ വിട്ടു നൽകി. പെരുമ്പാവൂരിലെ ഗുണ്ടാസംഘത്തലവൻ അനസിനെ കൊലപ്പെടുത്താനായിരുന്നു  എട്ടു പേരടങ്ങുന്ന വാടകക്കൊലയാളി സംഘം മുനമ്പത്ത് രഹസ്യമായി തമ്പടിച്ചത്. 

വടിവാള്‍ ഉള്‍പ്പെടെ നിരവധി ആയുധങ്ങളുമായാണ് ഇവരെ മുനമ്പം പൊലീസ് പിടികൂടിയത്. തമിഴ്നാട്ടില്‍ കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളാണ് ഇവര്‍. ചോദ്യം ചെയ്യലിനായി ഈ മാസം ആറു മുതൽ പതിനൊന്നാം തീയതി പതിനൊന്നര മണി വരെ  ഞാറക്കൽ മജിസ്ട്രേട്ട് ഗുണ്ടാ സംഘത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകിയിരുന്നു. കൊടുംക്രിമിനലുകളായ പ്രതികളിൽ നിന്നും ഈ സമയം കൊണ്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ പൊലീസിനു കഴിഞ്ഞില്ല. അതിനാൽ കൂടുതൽ ദിവസം  കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് മജിസ്ട്രേട്ടിന് അപേക്ഷ സമർപ്പിച്ചു. 

കസ്റ്റഡി കാലാവധി അവസാനിച്ച ദിവസം  വൈദ്യപരിശോധന പൂർത്തിയാക്കി പന്ത്രണ്ടു മണിക്കാണ് പ്രതികളെ പൊലീസിനു കോടതിയിൽ ഹാജരാക്കാൻ കഴിഞ്ഞത്. എന്നാൽ പ്രതികളുടെ കസ്റ്റഡി അനുവദിച്ചിരുന്നത് അന്ന് ഉച്ചയ്ക്ക് 11.30 വരെയാണെന്നു ചൂണ്ടിക്കാട്ടി പൊലീസിന്റെ അപേക്ഷ മജിസ്ട്രേട്ട് തള്ളി. ഇതു റദ്ദാക്കാൻ പൊലീസ് സമർപ്പിച്ച അപേക്ഷയിലാണു ജില്ലാ സെഷൻസ് കോടതിയുടെ നടപടി.