മുംബൈ:പഞ്ചാബ് -മഹാരാഷ്ട്ര സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ ബാങ്ക് മുൻ എംഡിയും മലയാളിയുമായ ജോയ് തോമസ് ജുനൈദ് ഖാൻ എന്ന പേരിൽ വാങ്ങിക്കൂട്ടിയ സ്വത്തുക്കൾ കണ്ടുകെട്ടും. ഇതിനുള്ള നടപടിക്രമങ്ങൾ ഇഡി ആരംഭിച്ചു. ചോദ്യം ചെയ്യലിനിടെയാണ് താൻ മതം മാറിയെന്നും ജുനൈദ് ഖാൻ എന്നാണ് ഇപ്പോഴത്തെ പേരെന്നും ജോയ് തോമസ് അന്വേഷണ  സംഘത്തോട് വെളിപ്പെടുത്തിയത്.

മുംബൈ പൊലീസിന്‍റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നടത്തിയ ചോദ്യം ചെയ്യലിലാണ് ജോയ് തോമസ് തന്‍റെ ഇരട്ട ജീവിതം വെളിപ്പെടുത്തിയത്. പിഎ ആയിരുന്ന മുസ്ലിം യുവതിയെ വിവാഹം ചെയ്യാൻ 2005 ൽ മതം മാറി. യുവതി പിന്നീട് ദുബായിലേക്ക് താമസം മാറിയെന്ന് മാത്രമാണ് അടുത്ത സുഹൃത്തുക്കളോട് പോലും പറഞ്ഞിരുന്നത്. എന്നാൽ യുവതിക്കൊപ്പം ചേർന്ന് ജുനൈദ് ഖാൻ എന്ന  പേരിൽ പൂനെയിൽ 9 ഫ്ലാറ്റുകളും ഒരു തുണി മില്ലുമടക്കം ജോയ് തോമസ് സ്വത്തുക്കൾ വാങ്ങിക്കൂട്ടി. ഈ ഫ്ലാറ്റുകളിലൊന്നിൽ യുവതി ഇപ്പോഴും താമസിക്കുന്നുണ്ട്. പേര് മാറിയെങ്കിലും ബാങ്കുമായി ബന്ധപ്പെട്ട രേഖകളിലെല്ലാം പിന്നീടും ജോയ് തോമസ് എന്ന് തന്നെയാണ് രേഖപ്പെടുത്തിയത്.

ആദ്യ വിവാഹത്തിൽ വിവാഹമോചനം ലഭിക്കാതെയാണ് രണ്ടാം വിവാഹം ചെയ്തതെന്നും ജോയ് തോമസ് സമ്മതിച്ചു. ജുനൈദ് ഖാനെന്ന പേരിൽ സംമ്പാദിച്ച ആസ്തിയുടെ കണക്കെടുപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ് അന്വേഷണ സംഘം. അതേസമയം ബാങ്ക് തട്ടിപ്പ് കേസ് പരിഗണിക്കുന്ന മുംബൈയിലെ കോടതിക്ക് മുന്നിൽ ഇന്നലെ പ്രതിഷേധമിരുന്നയാൾ രാത്രിയോടെ ഹൃദയാഘാതം മൂലം മരിച്ചു.സഞ്ജയ് ഗുലാട്ടിയെന്ന നിക്ഷേപകനാണ് മരിച്ചത്. ഇയാൾക്ക് 90 ലക്ഷം രൂപ നിക്ഷേപമുണ്ടായിരുന്നു.പൂട്ടിയ ജെറ്റ് എയർവേഴ്സിലെ ജീവനക്കാരനായിരുന്നു. ഭിന്ന ശേഷിക്കാരാനായ മകന് ചികിത്സയ്ക്കുള്ള പണം പോലും കിട്ടാത്തതിൽ ഇദ്ദേ​ഹം ഏറെ വിഷമത്തിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു