നാഗ്പൂര്‍: സമൂഹമാധ്യമങ്ങളിലൂടെ മതവിദ്വേഷ പ്രചാരണം നടത്തിയ ഡോക്ടറെ നാഗ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു വിഭാഗത്തെ വംശഹത്യ ചെയ്യാനാണ് ഇയാള്‍ ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തത്. നാഗ്പൂരില്‍ പീഡിയാട്രീഷ്യനായി ജോലി ചെയ്യുന്ന സതീഷ് സോണാര്‍ എന്നയാളാണ് അറസ്റ്റിലായത്. ഷഹബാസ് സിദ്ദീഖ് എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജാമ്യത്തില്‍ വിട്ടു. തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നാണ് ഇയാളുടെ വാദം. ഏപ്രില്‍ 23നാണ് ഇയാള്‍ മതവിദ്വേഷം പ്രചരിപ്പിക്കുന്ന ട്വീറ്റ് ചെയ്തത്. ഇയാളുടെ ട്വീറ്റ് വിദ്വേഷം പ്രചരിപ്പിക്കുന്നതാണെന്ന് പൊലീസ് കണ്ടെത്തി.