ആ​ഗ്ര: കവർച്ചക്കിടെയുണ്ടായ ആക്രമണത്തിൽ ഉത്തർപ്രദേശിലെ ആ​ഗ്രയിൽ ഡോക്ടർ കൊല്ലപ്പെട്ടു. ഡോക്ടറുടെ രണ്ട് കുട്ടികൾക്ക് കുത്തേറ്റു. ഇവർ ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഡോക്ടറുടെ കുടുംബവുമായി പരിചയമുള്ള യുവാവാണ് കൊലപാതകം നടത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആ​ഗ്രയിലെ കമ്‍ല ന​ഗറിലാണ് സംഭവം നടന്നത്.

ഡോക്ടർ നിഷ സിംഘലും രണ്ട് മക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. സർജനായ നിഷയുടെ ഭർത്താവ് ആശുപത്രിയിൽ ഡ്യൂട്ടിയിലായിരുന്നു. കവർച്ചയ്ക്കായി വീട്ടിൽ കയറിയ പ്രതി കവർച്ചാശ്രമം തടഞ്ഞ ഡോക്ടറെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കുട്ടികളെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. സംഭവം അറിഞ്ഞെത്തിയ ഭർത്താവ് ഇവരെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ​കുട്ടികൾ രണ്ടുപേരും ഇപ്പോഴും ചികിത്സയിലാണ്. 

കൃത്യം നടത്തി രക്ഷപ്പെടാൻ‌ ശ്രമിച്ച പ്രതിയ പൊലീസ് പിന്തുടർ‌ന്നു. പിന്നാലെയെത്തിയ പൊലീസിനെ ആക്രമിച്ച് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇയാൾക്ക് നേരെ പൊലീസ് വെടിയുതിർത്തു. വെടിയേറ്റ് ഇയാൾക്ക് പരിക്കേറ്റിട്ടുണ്ട്. പ്രതിയെ പിടികൂടിയ പൊലീസ് ഇയാളിൽനിന്ന് കവർച്ച നടത്തിയ വസ്തുക്കൾ കണ്ടെടുത്തു.